Recipe

ഇനിയാരും മെനക്കെടാൻ വയ്യെന്ന് പറയില്ല; പ്രഷര്‍ കുക്കറില്‍ ഒരു ബിരിയാണി ഉണ്ടാക്കിയാലോ? | biryani-at-home

ബിരിയാണി ഇഷ്മില്ലാത്തവര്‍ ഉണ്ടാകില്ല. സംഗതി പ്രിയമാണെങ്കിലും അത്രയും മിനക്കെടാന്‍ വയ്യെന്നു പറയുന്നവരാണ് ഏറെയും. എന്നാല്‍ അധികം പാടുപെടാതെ പ്രഷര്‍ കുക്കറില്‍ ഒരു ബിരിയാണി ഉണ്ടാക്കിയാലോ? പ്രഷര്‍ കുക്കര്‍ ബിരിയാണി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകൾ

1. ചിക്കൻ -ഒരു കിലോ

2. വെളിച്ചെണ്ണ -ഒരു ടീസ്പൂൺ

3. സവാള -മൂന്ന്

4. പച്ചമുളക് -10

5. ചെറിയ ഉള്ളി -10

6. വെളുത്തുള്ളി -20 അല്ലി

7. ഇഞ്ചി -ചെറിയ കഷണം

8. കശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ

9. മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

10. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

11. ഗരം മസാല -ഒരു ടീസ്പൂൺ

12. തക്കാളി -രണ്ട്

13. ഉപ്പ് -ആവശ‍്യത്തിന്

14. മല്ലിയില -ഒരുപിടി

15. കറിവേപ്പില -മൂന്ന് മുതൽ നാലുവരെ തണ്ട്

16. പുതിനയില -ഒരുപിടി

17. തൈര് -അരക്കപ്പ്

18. കുരുമുളകുപൊടി -അര ടീസ്പൂൺ

19. ചെറുനാരങ്ങ നീര് -പകുതി നാരങ്ങയുടേത്

20. കറുവപ്പട്ട -ഒന്ന്

21. ഏലക്ക -നാല്

22. ഗ്രാമ്പു -നാല്

23. കറുവ ഇല -ഒന്ന്

24. ബസ്മതി അരി -രണ്ടര കപ്പ്

തയാറാക്കുന്ന വിധം

● കുക്കർ ചൂടാക്കിയെടുത്ത് വെളിച്ചെണ്ണയൊഴിച്ച് അതിനൊപ്പം സവാളയും ഉപ്പും ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.

● ചിക്കൻ മാരിനേറ്റ് ചെയ്യാൻ 4 മുതൽ 7 വരെയുള്ള ചേരുവകൾ ചതച്ചെടുത്ത് ബൗളിലേക്ക് മാറ്റുക. അതോടൊപ്പം വറുത്തുവെച്ച സവാള, 8 മുതൽ 18 വരെയുള്ള ചേരുവകൾ എന്നിവ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക.

● പ്രഷർ കുക്കർ വീണ്ടും ചൂടാക്കി എണ്ണയൊഴിച്ച് 20 മുതൽ 23 വരെയുള്ള ചേരുവകൾ ചേർക്കുക. അതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കനും ചേർക്കാം.

● ഉയർന്ന ചൂടിൽ മൂന്ന് മിനിറ്റ് വേവിച്ചശേഷം ബസ്മതി അരി ഇട്ടുകൊടുക്കുക.

● ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് എന്ന തോതിൽ വെള്ളമൊഴിച്ച് കൊടുക്കുക. ആവശ‍്യത്തിന് ഉപ്പും ചേർക്കുക.

● കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. 20 മിനിറ്റിനുശേഷം കുക്കറിൽനിന്ന് ബൗളിലേക്ക് മാറ്റി പ്രഷർ കുക്കർ ബിരിയാണി ചൂടോടെ വിളമ്പാം.

content highlight: biryani-at-home