മാമ്പഴം കൊണ്ടൊരുക്കാം സൂപ്പർ ടേസ്റ്റിലൊരു നാടൻ മാമ്പഴ പുളിശ്ശേരി.
ചേരുവകൾ
1. പഴുത്ത മാങ്ങ (ചെറുത്) -8 എണ്ണം
2. ചിരകിയ തേങ്ങ -ഒരു കപ്പ്
3. വറ്റൽമുളക് -നാലെണ്ണം
4. മുളകുപൊടി -കാൽ ടീസ്പൂൺ
5. പച്ചമുളക് -നാലെണ്ണം
6. കടുക് -ഒരു ടീസ്പൂൺ
7. ഉലുവ -കാൽ ടീസ്പൂൺ
8. ജീരകം -അര ടീസ്പൂൺ
9. കുരുമുളക് -അര ടീസ്പൂൺ
10. തൈര് -ഒരു കപ്പ്
11. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
12. വെള്ളം -ഒരു കപ്പ്
13. ശർക്കര -ആവശ്യത്തിന്
14. കറിവേപ്പില -ആവശ്യത്തിന്
15. വെളിച്ചെണ്ണ -ആവശ്യത്തിന്
16. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ചിരകിയ തേങ്ങ, തൈര്, രണ്ട് പച്ചമുളക്, ജീരകം, കുരുമുളക് എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുത്തശേഷം മാറ്റിവെക്കുക.
2. പഴുത്ത മാങ്ങ നന്നായി കഴുകി വൃത്തിയാക്കി തൊലികളയുക. ഇവ ഒരു ഫ്രയിങ് പാനിലേക്കു മാറ്റിയശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, രണ്ട് പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഒരു കപ്പ് വെള്ളം എന്നിവ ചേർത്തു വേവിക്കാം. വെന്തുവന്ന മാങ്ങയിലേക്കു ശർക്കര ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം അരച്ചെടുത്ത തേങ്ങാക്കൂട്ടും ചേർക്കാം. മാമ്പഴ പുളിശ്ശേരി ഒന്നു തിളച്ചുതുടങ്ങിയാൽ തീയിൽനിന്ന് മാറ്റിവെക്കാം.
3. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം ഉലുവ, കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുത്തശേഷം മാമ്പഴ പുളിശ്ശേരിയിലേക്ക് ചേർത്തുകൊടുക്കാം. രുചിയൂറും മാമ്പഴ പുളിശ്ശേരി തയാർ.
content highlight: mambazha-pulissery