വലപ്പാട്: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ ജില്ലയിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ് നടപ്പിലാക്കിയ വിദ്യാഭ്യാസ സഹായ പദ്ധതി ടുഗെദർ ഫോർ തൃശ്ശൂരിലേക്ക് പത്ത് ലക്ഷം രൂപ നൽകി മണപ്പുറം ഫൗണ്ടേഷൻ. ആകെ നൂറ് കുട്ടികൾക്കാണ് സഹായം ലഭിക്കുക. മണപ്പുറം ഫിനാൻസിന്റെ സരോജിനി പത്മാനാഭൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മഹാമാരി ദുരിതം വിതച്ച കുട്ടികൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ കൃഷ്ണ തേജ ഐ എ എസ് ഈ പദ്ധതി ആരംഭിച്ചത്. മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സുമിത നന്ദൻ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ശ്രീ. ജോർജ് മൊറേലി, ചാവക്കാട് താലൂക്ക് തഹസിൽദാർ കിഷോർ ടി പി, തൃശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, കോട്ടയം ദയ പാലിയേറ്റീവ് കെയർ ചെയർമാൻ പി എം ജയകൃഷ്ണൻ, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ എന്നിവർ പങ്കെടുത്തു.