പാലക്കാട് : വെള്ളം ഉയർന്നതിനുപിന്നാലെ ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിർന്ന ആൺമക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നതോടെ പുഴയിൽ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയിൽ അകപ്പെട്ടത്.
ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രർത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറിൽകെട്ടി അതിസാഹസികമായാണ് കരയ്ക്കെത്തിച്ചത്. പുഴയിൽ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. രണ്ടുമണിക്കൂറാണ് നാലുപേരും പുഴയ്ക്ക് നടുവിൽ കുടുങ്ങിപ്പോയത്.
മൂലന്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നത്. തുടർന്ന് നാലുപേരും പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. നാലുപേരുടെയും ആരോഗ്യനിലതൃപ്തികരമെന്നാണ് വിവരം.
തമിഴ്നാട് സ്വദേശികളാണ് കുടുങ്ങിയത്. പതിവായി തുണി അലക്കുകയും കുളിക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു. സാധാരണരീതിയിൽ ആയിരുന്നു വെള്ളം. എന്നാൽ ഡാമിന്റെ ഷട്ടർ തുറന്നതിന് പിന്നാലെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഉടൻ തന്നെ പുഴയുടെ നടുവിലുള്ള ഉയർന്ന സ്ഥലത്ത് കയറി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തി നാലുപേരെയും കരയ്ക്കെത്തിച്ചു.