തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് സര്‍വീസസ് ഇന്ത്യയെ രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളിലൊന്നായി ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള ഉന്നത ബിസിനസ് സര്‍വീസസ് (ജിബിഎസ്) സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ‘ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2024’ -കളില്‍ ഒന്നായി അലയന്‍സ് സര്‍വീസസ് ഇന്ത്യയെ തിരഞ്ഞെടുത്തത്.
ടെക്നോപാര്‍ക്കിന് പുറമെ മുംബൈ, പൂനെ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന അലയന്‍സ് സര്‍വീസസിന്‍റെ ഭാഗമായ അലയന്‍സ് സര്‍വീസസ് ഇന്ത്യയ്ക്ക് രാജ്യത്തൊട്ടാകെ 4,000 ത്തിലധികം ജീവനക്കാരുണ്ട്.
അലയന്‍സ് സര്‍വീസസ് ഇന്ത്യയിലെ തൊഴിലന്തരീക്ഷവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരവും ആനുകൂല്യങ്ങളും, തൊഴില്‍ വികസനം എന്നിവയുള്‍പ്പെടെ നിരവധി തലങ്ങളിലുള്ള തൊഴിലുടമയുടെ സമീപനം പഠന വിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
ജീവനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളും അവലോകനങ്ങളും വിലയിരുത്തിയാണ് മികച്ച സ്ഥാപനങ്ങളെ എവറസ്റ്റ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക്, ജോയിനര്‍-എക്സിറ്റ് അനുപാതം, ജീവനക്കാരുടെ സംതൃപ്തി, പ്രാദേശിക ഇടങ്ങളിലെ പ്രകടനം തുടങ്ങിയവ പ്രധാന അളവുകോലുകളാണ്.
2024-ലെ മികച്ച ജിബിഎസ് എംപ്ലോയര്‍ ആയി എവറസ്റ്റ് ഗ്രൂപ്പ് അലയന്‍സിനെ അംഗീകരിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് അലയന്‍സ് സര്‍വീസസ് ഇന്ത്യ, മൗറീഷ്യസ്, മൊറോക്കോ, പോര്‍ച്ചുഗല്‍ മേഖലകളുടെ ചീഫ് ഡെലിവറി ഓഫീസറും അലയന്‍സ് സര്‍വീസസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ജിസണ്‍ ജോണ്‍ പറഞ്ഞു.
അലയന്‍സിന്‍റെ ഭാഗമായ ജീവനക്കാരെ വിലമതിക്കുകയും പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ക്രിയാത്മകവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ തൊഴിലിട സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലുമുള്ള അലയന്‍സിന്‍റെ പ്രതിബദ്ധതയെ ഈ അംഗീകാരം അടിവരയിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ്, ബിസിനസ് കണ്‍സള്‍ട്ടിംഗ്, ബിസിനസ് അനലിറ്റിക്സ്, ആക്ച്വറിയല്‍ സര്‍വീസസ്, ഓട്ടോമേഷന്‍, പിഎംഒ സര്‍വീസസ്, ബിസിനസ് ടെസ്റ്റിംഗ്, ഫിനാന്‍ഷ്യല്‍ ബിസിനസ് സര്‍വീസസ് തുടങ്ങിയവ സേവനങ്ങള്‍ നല്കുന്ന മികച്ച കേന്ദ്രങ്ങളിലൊന്നാണ് അലയന്‍സ് സര്‍വീസസ് ഇന്ത്യ.
ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മൗറീഷ്യസ്, മൊറോക്കോ, റൊമാനിയ, സിംഗപ്പൂര്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലും അലയന്‍സ് സര്‍വീസസ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഏകദേശം 70 രാജ്യങ്ങളിലായി 125 ദശലക്ഷം സ്വകാര്യ, കോര്‍പ്പറേറ്റ് ഉപഭോക്താക്കളുള്ള ലോകത്തിലെ മുന്‍നിര സേവന ദാതാക്കളാണ് അലയന്‍സ് ഗ്രൂപ്പ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഇന്‍ഷുറന്‍സ്, ഗ്ലോബല്‍ ബിസിനസ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിപുലമായ വ്യക്തിഗത, കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അലയന്‍സിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നാണ് അലയന്‍സ് ഗ്രൂപ്പ്. ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്കായി മാത്രം ഏകദേശം 737 ബില്യണ്‍ യൂറോ (2023 ഡിസംബര്‍ 31 വരെ) ആണ് നിക്ഷേപിച്ചിട്ടുള്ളത്. 2023 ല്‍ 157,000-ലധികം ജീവനക്കാരുടെ പ്രവര്‍ത്തനത്തിലൂടെ 14.7 ബില്യണ്‍ യൂറോയുടെ പ്രവര്‍ത്തന ലാഭവും അലയന്‍സ് നേടി.
Allianz Services is among Top GBS Employers 2024