മനോരഥങ്ങള്‍ എന്ന ആന്തോളജി മൂവിയുടെ ട്രൈലര്‍ ലോഞ്ച് വേദിയില്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ച രമേഷ് നാരായണിന്റെ നടപടിക്കെതിരെ ഇപ്പോഴും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയകളിലുള്‍പ്പടെ ആസിഫ് അലിക്ക് പിന്തുണ ലഭിക്കുകയാണ്. ഇതിനിടയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ വി.സി. അഭിലാഷും തനിക്ക് ഇതു പോലെ ഒരു അവാര്‍ഡ് വേദിയില്‍ ഉണ്ടായ അപമാനത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്. 2018 ലെ മൂവീസ്ട്രീറ്റ് അവാര്‍ഡ് വേദിയില്‍ ‘ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് സ്‌പെഷ്യല്‍ ജൂറി പ്രൈസ് നല്‍കാന്‍ വേദിയിലേക്ക് വിളിച്ച വി.സി അഭിലാഷിന് ഉണ്ടായ അപമാനം വലുതായിരുന്നു, അപമാനം എപ്പോഴും അപമാനം തന്നെയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം,
2018 ലെ മൂവീസ്ട്രീറ്റ് അവാര്‍ഡ് വേദി. ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ ചെന്നതാണ് ഞാന്‍. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സീറ്റില്‍ വന്നിരിക്കുമ്പോള്‍ സംഘാടകര്‍ അടുത്തെത്തി പറഞ്ഞു.’ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് സ്‌പെഷ്യല്‍ ജൂറി പ്രൈസ് അഭിലാഷേട്ടന്‍ കൊടുക്കണം. ‘പിന്നെന്താ’ എന്ന് ഞാന്‍. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിന് പുരസ്‌കാരം നല്‍കാന്‍ എന്നെത്തന്നെ തെരഞ്ഞെടുത്തതിന്റെ കാരണം, ഞാന്‍ ആളൊരുക്കം ചെയ്ത സംവിധായകനാണ് എന്നതാണ്. ആ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് കാര്യം മനസ്സിലാകും. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവതാരകന്‍ അവാര്‍ഡ് നല്‍കാന്‍ എന്നെ വിളിച്ചു. ഞാന്‍ അഭിമാനപൂര്‍വ്വം സ്റ്റേജിലേക്ക് കയറിച്ചെന്നു. അവരെന്റെ കയ്യില്‍ ജേതാവിന് കൊടുക്കാനുള്ള ശില്പം തന്നു. പിന്നെ അവാര്‍ഡ് ജേതാവിനേയും വിളിച്ചു. അവാര്‍ഡ് ജേതാവ് സ്റ്റേജിലേക്ക് കയറി വന്നു. പിന്നെ, മൈക്ക് വാങ്ങി സംഘാടകരോട് അഭ്യര്‍ത്ഥിക്കുകയാണ്; ‘ഈ അവാര്‍ഡ് എനിക്ക് മറ്റൊരാളില്‍ നിന്ന് വാങ്ങാനാണ് ആഗ്രഹം!’ അവാര്‍ഡ് ജേതാവിന്റെ ലൈഫ് പാര്‍ട്ണര്‍ ആണ് ആ മറ്റൊരാള്‍. അയാളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ അവര്‍ ഈ വേദി തെരഞ്ഞെടുക്കുന്നു. അയാള്‍ സ്റ്റേജിലേക്ക് വരുന്നു. അവാര്‍ഡ് എന്നില്‍ നിന്നും വാങ്ങുന്നു. കൊടുക്കുന്നു. അവാര്‍ഡ് നല്‍കിയവന് സന്തോഷം. അവാര്‍ഡ് കിട്ടിയയാളിന് സന്തോഷം. സംഘാടകര്‍ക്ക് സന്തോഷം. കാണികള്‍ക്ക് സന്തോഷം. ഞാന്‍ വേദിയില്‍ നിന്ന് ഉരുകുകയാണ്. ആ നിറഞ്ഞ സദസ്സിലെ ഓരോ വ്യക്തിയും എന്നെ പരിഹാസത്തോടെ നോക്കുകയാണ് എന്ന് എനിക്ക് തോന്നി. ഒരു പുഞ്ചിരി കഷ്ടപ്പെട്ട് വരുത്തി ഞാന്‍ കയ്യടിക്കുകയാണ്. പോകാന്‍ നേരം സംഘാടകരിലൊരാള്‍ എന്നെ വന്ന് കണ്ട് പറഞ്ഞു. ‘ചേട്ടന് വിഷമമായി എന്നറിയാം. അവരുടെ വിവരക്കേട് ഞങ്ങളും തീരെ പ്രതീക്ഷിച്ചില്ല ചേട്ടാ.. സോറി’ ‘ഏയ്.. അതൊന്നും കുഴപ്പമില്ല’ എന്ന് ഞാന്‍. ‘അതല്ല ചേട്ടാ, അവര്‍ക്ക് അയാളില്‍ നിന്ന് അവാര്‍ഡ് വാങ്ങണമെന്നായിരുന്നു ആഗ്രഹമെങ്കില്‍ ചേട്ടനെ സ്റ്റേജിലേക്ക് വിളിച്ചു ബുദ്ധിമുട്ടിക്കാതെ അവര്‍ക്ക് അതൊന്ന് നേരത്തേ ഞങ്ങളോട് പറയാമായിരുന്നു!’ ‘അതെ.. പറയാമായിരുന്നു!’- ഞാന്‍. അപമാനം എപ്പോഴും അപമാനം തന്നെയാണ്. അത് എത്ര കാലം കഴിഞ്ഞാലും അത് അങ്ങനെ തന്നെ തുടരും. സംഗീതജ്ഞനായാലും ആക്റ്റീവിസ്റ്റായാലും ഇങ്ങനെ മറ്റൊരാളെ അപമാനിക്കുന്നത് കൊണ്ട് അവര്‍ തൊട്ടുമുമ്പ് ഏറ്റുവാങ്ങിയ അവാര്‍ഡിന് നിറം മങ്ങുകയാണ് ചെയ്യുക. ചില വിവരദോഷികള്‍ക്ക് ഇത് പക്ഷേ മനസിലാവണമെന്നില്ല.! സോ, ആസിഫ് അലിക്ക് ഐക്യദാര്‍ഢ്യം! എന്നു പറഞ്ഞാണ് വി.സി. അഭിലാഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.