Kerala

വാച്ചർമാരുടെ കണ്ണുവെട്ടിച്ച് പോയി, സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തി

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയയാളെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പം എത്തിയ വണ്ടിത്താവളം സ്വദേശി രമേശിനെയാണ് കരയ്ക്കെത്തിച്ചത്.

വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടര്‍ന്ന് മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും രമേശൻ വെള്ളത്തിൽ ഒലിച്ചു പോയി. സുരക്ഷിതമായ സ്ഥലത്ത് കാട്ടുവള്ളികളില്‍ പിടിച്ച് നിന്നതിനാൽ ഇയാള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല.

കൊല്ലങ്കോട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വടംകെട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വെള്ളച്ചാട്ടത്തിന് കുറുകെ വടംകെട്ടി ഫയര്‍ഫോഴ്‌സ് സംഘം ഇയാള്‍ക്കരികിലെത്തി. പോകരുതെന്ന് പറഞ്ഞിട്ടും വാച്ചർമാരുടെ കണ്ണുവെട്ടിച്ച് പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.