നമ്മുടെ കേരളത്തിലെ മനോഹര കാഴ്ചകളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല എന്നതാണ് സത്യം. അതിൽ തന്നെ നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങൾക്ക് ധാരാളം ഫാൻസുണ്ട്. പല വെള്ളച്ചാട്ടങ്ങളും മൺസൂണിലാണ് സർവ പ്രതാപവും പുറത്തു കാട്ടുക എന്നതാണ് പ്രത്യേകത. അത്തരത്തിൽ മലയാളികൾ ഏറെ ഇഷ്‌ടത്തോടെ കാണാൻ ആഗ്രഹിക്കുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ധോണി. കേരളത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ധോണി എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. മൂന്ന് മണിക്കൂർ നീണ്ട ട്രെക്കിംഗ് നിങ്ങളെ പ്രകൃതിയുടെ മനോഹരമായ കാഴ്‌ചകളിലേക്ക് കൂട്ടിക്കൊണ്ട് പോകും, തേക്ക് തോട്ടങ്ങൾക്കടുത്തുള്ള താഴ്വരയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് കയറുന്ന ഫോർ വീൽ ഡ്രൈവുകൾക്കും ബൈക്കുകൾക്കും പറ്റിയ ഒരു റോഡുണ്ട്. എന്നാൽ ഇവിടേക്ക് സ്വകാര്യ വാഹനങ്ങൾ വിടാറില്ല.
പാലക്കാട് നിന്ന് 15 കിലോമീറ്റർ അകലെയാണ് ധോണി സ്ഥിതി ചെയ്യുന്നത്, ഒരു ചെറിയ റിസർവ് വനവും അതിന്റെ അതിർത്തിക്കുള്ളിലെ വെള്ളച്ചാട്ടവുമാണ് അവിടുത്തെ കാഴ്‌ച്ച. മൺസൂൺ കാലത്ത്, വെള്ളച്ചാട്ടം ശരിക്കും സജീവമാകാറാണ് പതിവ്. ഇവിടുള്ള വനത്തിൽ പ്രവേശിക്കണമെങ്കിൽ ഒലവക്കോട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറുടെ മുൻകൂർ അനുമതി വേണം. രാവിലെ 9.30നും പകൽ 1.30നുമാണ് പ്രവേശനം. ഒരാൾക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടെ ഒരു ഗൈഡിന്റെ സേവനവും നിങ്ങൾക്ക് ലഭിക്കും. ഇവിടെ ധാരാളം വന്യമൃഗങ്ങളുമുണ്ട്. കാട്ടാനകൾ കൂട്ടമായോ ഒറ്റ തിരിഞ്ഞോ മേയുന്നത് കാണാനുള്ള അവസരവും ഇവിടെയുണ്ട്. കടുവകളും പുലികളും വിവിധ ഇനം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം ഉൾപ്പെടുന്ന ഇവിടുത്തെ വനമേഖല തന്ന വല്ലാത്തൊരു ഭീതിയും ജിഞ്ജാസയും നിങ്ങളിൽ പടർത്തും.
ധോണി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ട് അതിലേക്ക് ഇറങ്ങാമെന്ന് വെച്ചാൽ അത് നടക്കില്ല. വെള്ളച്ചാട്ടത്തിന്റെ കയത്തിൽ ആഴം കൂടുതലായതിനാൽ അവിടേക്ക് കുളിക്കുന്നതിന് സന്ദർശകർക്ക് വിലക്കുണ്ട്. എന്നാൽ, വെള്ളച്ചാട്ടത്തിന്റെ മുകൾപരപ്പിൽ കയർകെട്ടി അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ മതിയാവോളം തണുപ്പിൽ മുങ്ങിക്കുളിക്കാനുള്ള അവസരമുണ്ട്. ഇവിടെ വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850കളിൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കെട്ടിടമാണിത്. അത് കൂടാതെ ധാരാളം വ്യത്യസ്‌ത കാഴ്‌ചകാൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുക. ധോണിയിൽ എത്തുന്നവർക്ക് അടുത്ത് തന്നെ മലമ്പുഴ ഡാമും ഗാർഡനും, ടിപ്പു സുൽത്താൻ കോട്ട, കാഞ്ഞിരപ്പുഴ ഡാം, പറമ്പിക്കുളം ടൈഗർ റിസർവ്, മീൻവെള്ളം വെള്ളച്ചാട്ടം, ശിരുവാണി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ ഇടങ്ങളുണ്ട്. ഇവിടങ്ങളിൽ ധാരാളമായി ആളുകൾ എത്തുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.