ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ സിബിഐ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പട്ന സ്വദേശി പങ്കജ് കുമാർ ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യപേപ്പർ എൻ ടി എയുടെ ട്രങ്ക് പെട്ടിയിൽ നിന്നും മോഷ്ടിച്ച കേസിലാണ് ഇരുവരെയും സിബിഐ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രജ്ഞനെ ബിഹാറിലെ നളന്ദയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജംഷഡ്പൂർ എൻ.ഐ.ടിയിൽ നിന്ന് 2017ൽ സിവിൽ എൻജിനീയറിങ് പാസ്സായ ആളാണ് പങ്കജ് കുമാർ. ഝാർഖണ്ഡിലെ ഹസാരിബാരിലെ കേന്ദ്രത്തിൽ നിന്ന് പരീക്ഷ ചോദ്യക്കടലാസ് മോഷ്ടിച്ചത് ഇയാളാണെന്നാണ് സി.ബി.ഐ നിഗമനം. ബൊക്കാറോ സ്വദേശിയായ ഇയാളെ പാട്നയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പങ്കജ് കുമാറിനെ ചോദ്യപ്പേപ്പർ മോഷ്ടിക്കാൻ സഹായിച്ചയാളാണ് ഇന്ന് അറസ്റ്റിലായ രണ്ടാമത്തെ പ്രതി രാജു സിങ്. ചോദ്യപ്പേപ്പർ സോൾവർ ഗാങ്ങിന് കൈമാറാൻ പങ്കജ് കുമാറിനെ സഹായിച്ചതും ഇയാളാണ്. ഹസാരിബാഗിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് പേർ കൂടി അറസ്റ്റിലായതോടെ നീറ്റ് ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ആകെ ആറ് കേസുകളാണ് സി.ബി.ഐ നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.