തൃശൂർ: കനത്ത മഴയെ തുടർന്ന് കൂടുതല്‍ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.
കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് മുൻകരുതൽ എന്ന നിലയിൽ അവധി പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ പ്രവര്‍ത്തിക്കില്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ലെന്നും വ്യക്തമാക്കിയ കളക്ടര്‍, മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും ഉത്തരവിട്ടു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതെന്നും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കോട്ടയം ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്താണ് ബുധനാഴ്ച (2024 ജൂലൈ 17) ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. അതേസമയം, പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
നിലവിൽ നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിട്ടില്ല. പക്ഷേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്.