India

‘ഗവർണർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പാടില്ല’; മമതക്കെതിരെ കർശന നിർദേശവുമായി ഹൈക്കോടതി

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ഗവര്‍ണര്‍ക്കെതിരെ മമതാ ബാനര്‍ജിയോ തൃണമൂല്‍ കോണ്‍ഗ്രസോ അപകീര്‍ത്തിപരമോ തൊറ്റായതോ ആയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. ഗവര്‍ണറുടെ പരാതിയിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.

ഗവർണർ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയയിൽ നടത്തുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കൃഷ്ണ റാവുവിന്‍റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് മമതാ ബാനര്‍ജിക്കെതിരെ ഗവര്‍ണര്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. രാജ് ഭവന്‍ സന്ദര്‍ശിക്കാന്‍ ഭയമാണെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടെന്ന മമതയുടെ ആരോപണത്തിന് പിന്നാലെയാണ് പരാതി നല്‍കിയത്. ജൂണ്‍ 27 ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് യോഗത്തിലാണ് ഇക്കാര്യം മമത ആരോപിച്ചത്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി 2022ലാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സിവി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. എന്നാൽ ​ഗവർണറായി എത്തിയതു മുതൽ സർക്കാരും ആനന്ദബോസും രണ്ടുതട്ടിലാണ്.