കൊച്ചി: അമൃത കോളേജ് ഓഫ് നേഴ്‌സിങിലെ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിങിന് വിധേയമാക്കിയ സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതി ലഭിച്ചയുടൻ കോളേജിന്റെ ഭാഗത്തു നിന്ന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിദ്യാർത്ഥിയുടെ പരാതി കോളേജിൽ ലഭിച്ചത്. ഉടൻ തന്നെ കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേരുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തുവന്നു അമൃത കോളേജ് ഓഫ് നേഴ്‌സിങ് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറഞ്ഞു.
ഈ റിപ്പോർട്ടും പരാതിയുമടക്കം കോളേജ് അധികൃതർ ഉടൻ തന്നെ ചേരാനല്ലൂർ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവം നടന്നത് പോണേക്കര മൈത്രി റോഡിലുള്ള ഒരു വീട്ടിൽ വച്ചാണ്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട 2 വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
റാഗിങിനെതിരെ ശക്തമായ നടപടികളാണ് കോളേജിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചു വരുന്നതെന്നും അമൃത കോളേജ് ഓഫ് നേഴ്‌സിങ് അധികൃതർ അറിയിച്ചു.