ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹി ഡിഡിയു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയിലില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസൻസ് 2012 ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇ ഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്‍മി നേതാവ് വിജയ് നായരും തമ്മിലുള്ള ഡീലാണെന്നായിരുന്നു അന്ന് ഇ ഡി പറഞ്ഞത്. ഇതിന് പിന്നാലെയാണ് കവിതയെ അറസ്റ്റ് ചെയ്തത്.
കെ കവിത, രാഗവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായര്‍ക്ക് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.