സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി പറഞ്ഞു. ഇൻഡോ ഗൾഫ് ആൻഡ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളുമായി മന്ത്രാലയത്തിൽ നടന്ന കൂടികാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉൽപാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊർജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ് ഒമാൻ മുൻഗണന നൽകുന്നതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു .
നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ട്അപ്പ് നിക്ഷേപകർക്കായി ഒമാൻ ചേംബറുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൻറെ സാധ്യതകൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു. ഇൻവെസ്റ്റ് ഒമാൻ, ഒമാൻ ബിസിനസ് ഫോറം എന്നിവക്ക് ഐ.എൻ.എം.ഇ.സി.സിക്ക് നൽകാൻ കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടികാഴ്ചയിൽ വിഷയമായി. ഹോട്ടൽ അതിഥി വ്യവസായ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സഹകരണ സാധ്യതകളും കൂടികാഴ്ചയിൽ ചർച്ചയായി. ഒമാനിലെ ഹെൽത്ത്‌കെയർ രംഗത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് സംബന്ധിച്ചും വിശദ ചർച്ചകൾ നടന്നു. ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റർ പ്രസിഡൻറ് മുഹിയുദ്ദീൻ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഒമാൻ ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ, വൈസ് ചെയർമാൻമാരായ ഡോ.ജെയിംസ് മാത്യു യു.എ.ഇ, സിദ്ദീഖ് അഹമ്മദ് സൗദി അറേബ്യ, സെക്രട്ടറി ജനറൽ ഡോ. സുരേഷ് മധുസൂദനൻ, കുവൈത്ത് ഡയറക്ടർ രാജേഷ് സാഗർ എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു.