ഡൽഹി: സ്വാതി മാലിവാൾ എം.പിയെ ആക്രമിച്ച കേസിൽ കേജ്രിവാളിൻറെ മുൻ പി.എ ബിഭവ് കുമാറിനെതിരെ നരഹത്യാശ്രമക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ബിഭവ് കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.
മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗൗരവ് ഗോയലിനാണ് കുറ്റപത്രം നൽകിയത്. ബിഭവ് കുമാറിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. അൻപതോളം പേരുടെ സാക്ഷിമൊഴി ഉൾപ്പെടുന്നതാണ് കുറ്റപത്രം. കെജ്രിവാളിന്‍റെ ഔദ്യോഗിക വസതിയിലെ വിഡിയോ റെക്കോഡർ, ബിഭവ് കുമാറിന്‍റെ മൊബൈൽ ഫോൺ എന്നിവയുൾപ്പെടെ തെളിവായി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 13ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് ബിഭവ് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബിഭവ് കുമാർ തൻറെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്രിവാളിൻറെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു. മേയ് 16ന് ബിഭവിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ഡി.സി.പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വെള്ളിയാഴ്ച ഡൽഹി ഹൈകോടതി ബിഭവിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസ് വീണ്ടും 30ന് പരിഗണിക്കും.