സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളുടെ മുഴുവൻ രേഖകളും ഇനി ഒറ്റ ക്യു.ആർ കോഡിൽ ലഭ്യമാകും. സൗദി ബിസിനസ് സെന്ററിന് കീഴിലാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയത്. വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റി രേഖകൾ, ടാക്സ്, സിവിൽ ഡിഫൻസ് ഉൾപ്പെടെ എല്ലാ രേഖകളും ഒറ്റ ക്യു.ആറിൽ ലഭിക്കും.
യൂണിഫൈഡ് ഇലക്ട്രോണിക് കോഡ് വഴിയാണ് പുതിയ സംവിധാനം. സ്ഥാപനാവുമായി ബന്ധപ്പെട്ട് നിരവധി രേഖകളാണ് നിലവിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടിയിരുന്നത്. വിവിധ മന്ത്രാലയങ്ങളിൽ നിന്നായിരുന്നു ഇവ ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ സർക്കാർ ലൈസൻസുകൾക്ക് പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതിയാകും. സൗദി ബിസിനസ് സെന്ററുമായി അഫിലിയേറ്റ് ചെയ്ത പ്ലാറ്റ്ഫോമിലൂടെ ഇത്തരം ക്യു.ആർ കോഡുകൾ ലഭ്യമാകും. പ്രത്യേക ചാർജ് ഈടാക്കാതെയാണ് സേവനം. വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുൾറഹ്മാൻ അൽ ഹുസൈനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യാപാരത്തിനാവശ്യമായ വാണിജ്യ രജിസ്ട്രേഷൻ ഡാറ്റ, മുനിസിപ്പൽ ലൈസൻസുകൾ, ടാക്സ് സർട്ടിഫിക്കറ്റുകൾ, സിവിൽ ഡിഫൻസ് പെർമിറ്റുകൾ, മറ്റ് രേഖകളും ലൈസൻസുകളും ഒറ്റ ക്യു.ആർ-കോഡ് വഴി ലഭിക്കും. സുതാര്യത വർധിപ്പിക്കുന്നതിനൊപ്പം ഡാറ്റയുടെ കൃത്യത ഉറപ്പാക്കാനും, രേഖകൾ നശിച്ചു പോകാതെ സൂക്ഷിക്കാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. സ്ഥാപനങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കും ഇത് ജോലി ഏറെ എളുപ്പമാക്കും,