ഗസ്സ ഖാൻ യൂനുസിലെ അഭയാർഥികൾക്ക് താൽക്കാലിക ടെൻറുകളൊരുക്കി യു.എ.ഇ. തുടർച്ചയായ ആക്രമണങ്ങൾ മൂലം ദുരിതത്തിലായ ഫലസ്തീനികൾക്കായി വിവിധ ജീവകാരുണ്യ പദ്ധതികളാണ് യു.എ.ഇ നടപ്പാക്കുന്നത്. ദുരിതബാധിതരെ സഹായിക്കുന്ന ദൗത്യം തുടരുമെന്ന് യു.എ.ഇ നേതൃത്വം അറിയിച്ചു.ഗസ്സക്കു വേണ്ടി യു.എ.ഇ നടപ്പാക്കി വരുന്ന ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് ത്രീ’യുടെ ഭാഗമായാണ് താൽക്കാലിക ടെൻറ് ഉപകരണങ്ങളുടെ വിതരണം.
നിരന്തരം അഭയാർഥികളാകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഖാൻ യൂനുസിലെ ജനങ്ങൾ. അഭയാർഥി കുടുംബങ്ങൾക്കുള്ള മികച്ച സാന്ത്വനമായി മാറുകയാണ് യു.എ.ഇയുടെ സഹായപദ്ധതി. ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കെ, പുറമെ നിന്നുള്ള സഹായങ്ങൾ ഏറെക്കുറെ നിലച്ചിരിക്കുകയാണ് ഖാൻ യൂനുസിൽ. ആക്രമണം വ്യാപകമായി തുടരുന്നതിനിടെയാണ് യു.എ.ഇ റെഡ്ക്രസൻറിന്റെ നിരവധി സന്നദ്ധ പ്രവർത്തകർ ഖാൻ യൂനുസിൽ ഒന്നും കൂസാതെ തങ്ങളുടെ ദൗത്യം നിർവഹിച്ചു വരുന്നത്.
കടുത്ത ചൂടിനിടയിൽ താൽക്കാലിക ടെൻറുകൾ അഭയാർഥികൾക്ക് വലിയ തോതിൽ ഗുണകരമായി മാറുകയാണ്. നിരന്തരമായ ആക്രമണവും ഒഴിപ്പിക്കൽ ഭീഷണിയും മൂലം ഏറ്റവും കടുത്ത പ്രതിസന്ധിയാണ് ഖാൻ യൂനുസിലെ ഫലസ്തീൻ കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്. വിവിധ തലങ്ങളിലുള്ള ജീവകാരുണ്യ പദ്ധതികൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് യു.എ.ഇ റെഡ്ക്രസൻറ് അറിയിച്ചു.