ദുബൈയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്‌ളൈ ദുബൈ ഈവർഷം 130 പുതിയ പൈലറ്റ്മാരെ നിയമിക്കും. ഏഴ് വിമാനങ്ങൾ വാങ്ങാനും പദ്ധതിയുണ്ട്. എമിറേറ്റ്‌സ് വിമാനകമ്പനിയുടെ ചരക്കുവിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാർഗോ അഞ്ച് പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി.
ഫ്‌ളൈ ദുബൈ സി.ഇ.ഒ ഗൈത് അൽ ഗൈത്താണ് കമ്പനിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. ബേസൽ, റിഗ, ടാലിൻ, വിൽനിയസ് നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഏഴ് പുതിയ വിമാനങ്ങൾ വാങ്ങാൻ ഫ്‌ളൈ ദുബൈ തീരുമാനിച്ചത്. വിമാനങ്ങൾ ഈവർഷം തന്നെ ലഭ്യമാകും. ഇതോടൊപ്പം 130 പുതിയ പൈലറ്റ്മാരെയും ഫ്‌ലൈ ദുബൈ ഈവർഷം നിയമിക്കും. 140 രാജ്യങ്ങളിൽ നിന്നുള്ള 5800 ജീവനക്കാരാണ് ഫ്‌ളൈദുബൈയിൽ ജോലിയെടുക്കുന്നത്. ഇവരിൽ 1200 പേർ പൈലറ്റുമാരാണ്. ഈവർഷം 440 ജീവനക്കാർ ഫ്‌ളൈദുബൈയിൽ നിയമനം നേടിയെന്നും സി.ഇ.ഒ പറഞ്ഞു.
ചെയർമാൻ ശൈഖ് അഹമ്മദാണ് എമിറേറ്റ്‌സ് സ്‌കൈകാർഡോ അഞ്ച് ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകിയ വിവരം പങ്കുവെച്ചത്. അടുത്ത രണ്ടുവർഷത്തിനകം ഈ വിമാനങ്ങൾ കൈപറ്റാനാകുമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. മൊത്തം 315 വൈഡ് ബോഡി വിമാനങ്ങളാണ് എമിറേറ്റ്‌സ് ബുക്ക് ചെയ്തിരിക്കുന്നത്.