റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ ഒമാനികൾക്ക് മാത്രമായി നേരത്തേ പ്രഖ്യാപിച്ചത് സെപ്റ്റംബർ മുതൽ നടപ്പിലാക്കും. ഇതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
എല്ലാ വലുപ്പത്തിലുമുള്ള ശീതീകരിച്ച ട്രക്കുകൾ ഓടിക്കാൻ ഒമാനി പൗരന്മാർക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് വ്യവസായത്തെ ഗണ്യമായി പുനർനിർമലിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, മന്ത്രാലയത്തിൽനിന്നുള്ള ലാൻഡ് ട്രാൻസ്പോർട്ട് ഇൻസ്പെക്ടർമാർ പരിശോധനകൾ നടത്തും.
പുതിയ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ തീരുമാനം രാജകീയ ഉത്തരവ് (10/2016), അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം (നമ്പർ 2022/235) എന്നിവ പ്രകാരം പുറപ്പെടുവിച്ച ഗതാഗത നിയമത്തിൽ വിവരിച്ചിരിക്കുന്ന മന്ത്രാലയത്തിന്റെ അധികാരവുമായി വരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.