Sports

രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി സൂര്യകുമാര്‍? നായകനെ തീരുമാനിച്ച് ഗംഭീറും അഗാര്‍ക്കറും

മുംബയ്: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം ഉടന്‍ പ്രഖ്യാപിക്കും. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ആണിത്.

നിലവില്‍ ഉപനായകനായ ഹാര്‍ദിക് നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ആ സ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവിനെ നായകനാക്കാനാണ് ധാരണയെന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യയുമായി ഇക്കാര്യം ബിസിസിഐ അധികൃതര്‍ സംസാരിച്ചെന്നാണ് വിവരം.

നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന കാര്യം ഗംഭീറും അഗാര്‍ക്കറും പാണ്ഡ്യയെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തന്നെ സെലക്ടര്‍മാരില്‍ ഒരുവിഭാഗത്തിന് ഹാര്‍ദിക്കിനെ നായകനാക്കുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു. സ്ഥിരമായി പരിക്ക് പറ്റി മാറി നില്‍ക്കുന്ന താരമെന്നതാണ് ഇതിന് കാരണം. അതോടൊപ്പം തന്നെ ടീമിലെ ഒരു വിഭാഗം താരങ്ങള്‍ക്ക് ഹാര്‍ദിക് നായകനാകുന്നതിനോട് താത്പര്യമില്ലായിരുന്നു. സൂര്യയുടെ പേരിനോട് എല്ലാവര്‍ക്കും താത്പര്യമുണ്ടായിരുന്നു.33കാരനായ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ 2026ലെ ലോകകപ്പിന് ടീമിനെ ഒരുക്കുകയെന്നതാണ് പദ്ധതി.

ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളും ആണ് ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്നത്. രോഹിത് ശര്‍മ്മയും കോഹ്ലിയും ഇല്ലാത്ത പര്യടനത്തില്‍ രാഹുല്‍ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കും. സഞ്ജു സാംസണ്‍ രണ്ട് ടീമിലും സ്ഥാനം നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 27ന് ആണ് പരമ്പര തുടങ്ങുന്നത്.