അതിരാവിലെ എഴുനേല്‍ക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഒരു മനുഷ്യന് ലഭിക്കുന്നത്. നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഒരാളെ ആരോഗ്യവാനും ഉന്മേഷവാനുമാക്കുന്നു. മതിയായ ഉറക്കത്തിലൂടെയും നേരത്തെ ഉണരുന്നതിലൂടെയും മനസ്സിനും ശരീരത്തിനും കൃത്യമായ വിശ്രമം ലഭിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് വളരെ പ്രധാനമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ഉള്ളത് എന്തിനെന്ന് നമുക്കറിയാം. അത് മറ്റൊന്നുമല്ല, സമയത്തിനാണ്. പോയാല്‍ പിന്നെ തിരികെ കിട്ടാത്തതാണ് സമയമെന്ന അമൂല്യ വസ്തു. അതിരാവിലെ എഴുന്നേല്‍ക്കുന്നവരെ സംബന്ധിച്ച് എന്തിനും ഏതിനും സമയമുണ്ടാകും. ഇതിലൂടെ അനാവശ്യ തിടുക്ക കൂട്ടലുകളില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ നമുക്ക് കഴിയുന്നു.
അതിരാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നതിന്റെ ഗുണങ്ങള്‍ എന്തോക്കെയാണെന്ന് നമുക്ക് നോക്കാം..
1. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കുന്നു
നേരത്തെ എഴുന്നേല്‍ക്കുന്നതിലൂടെ വ്യക്തമായ മനസ്സോടെ ഒരു ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. നിങ്ങളുടെ ജോലികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. ഇത് ദിവസം മുഴുവന്‍ നിങ്ങളുടെ ഉല്‍പ്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കും.
2. മെച്ചപ്പെട്ട മാനസികാരോഗ്യം
നേരത്തെ ഉറക്കമെഴുനേല്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് യോഗ,ധ്യാനം, വ്യായാമം എന്നിവയ്ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നു. ഇതിലൂടെ നിങ്ങളുടെ മാനസിക ക്ഷേമം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയും.
3. പതിവ് വ്യായാമം
നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തണമെങ്കില്‍ അതിരാവിലെ തന്നെ എഴുനേല്‍ക്കണം. പതിവ് വ്യായാമം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
4. മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നു
ഒരാള്‍ ആരോഗ്യവാനായി ഇരിക്കാന്‍ ആറുമണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ കിടന്നുറങ്ങണമെന്നാണ് പല ഗവേഷണങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കിടന്നുറങ്ങുകയാണെന്നുണ്ടെങ്കില്‍ ഇതുപോലെ കൃത്യസമയം നോക്കി അതിരാവിലെ എഴുന്നേല്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കൃത്യമായ സമയത്ത് ഉറങ്ങുന്നതിലും കൃത്യമായി സമയത്ത് ഉണരുന്നതിലും കൂടി നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുന്നു.
5. ആരോഗ്യകരമായ ഭക്ഷണക്രമം
അതിരാവിലെ എഴുന്നേല്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സമയം ലഭിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്. ഇത്തരത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുകയാണെന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ആഹാരം പാചകം ചെയ്ത് കഴിക്കാവുന്നതാണ്. ഇതിലൂടെ ശരീര ഭാരം നിയന്ത്രിക്കാനും ആരോഗ്യവാനായി ഇരിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു.
6. ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിക്കും
അതിരാവിലെ എഴുന്നേല്‍ക്കുകയാണെങ്കില്‍, ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യത്തിനുള്ള സമയം ലഭിക്കുന്നു. അതിരാവിലെ എഴുന്നേറ്റ് യോഗ, വ്യായാമം പോലുള്ള കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രത വര്‍ധിപ്പിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തിലുളള വ്യായാമങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ് രാവിലെ.
7. മികച്ച സമയ ക്രമീകരണം
നേരത്തെ എഴുന്നേല്‍ക്കുന്നതിലൂടെ നിങ്ങളുടെ ദിവസം നിങ്ങള്‍ക്ക് മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും സമയം ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്നു. ഇതിലൂടെ ദിവസത്തിലുടനീളമുളള സമ്മര്‍ദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും നിങ്ങള്‍ക്ക് സാധിക്കും
8. മെച്ചപ്പെട്ട ശാരീരികക്ഷമത
ജോഗിംഗ്, ഓട്ടം അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് തണുപ്പുള്ളതും മലിനീകരണം കുറഞ്ഞതുമായ അന്തരീക്ഷമാണ് ആവശ്യം. അതിന് രാവിലെ എഴുനേല്‍ക്കുക തന്നെ വേണം. ഇത് ഹൃദയാരോഗ്യം, സ്റ്റാമിന, മൊത്തത്തിലുള്ള ശാരീരിക ക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
9. പ്രതിരോധശേഷി വര്‍ദ്ധിക്കുന്നു
അതിരാവിലെ എഴുന്നേറ്റ് സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ ഉല്‍പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. കൂടാതെ വിവിധ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.
10. മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിക്കുന്നു
നേരത്തെ എഴുന്നേല്‍ക്കുന്നതിലൂടെ സ്വന്തമായ പരിചരണത്തിന് അവസരം ലഭിക്കുകയും ഒരു ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സാധിക്കുകയും കൃത്യമായ ഏകാഗ്രത ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ലക്ഷ്യബോധം, മൊത്തത്തിലുള്ള ക്ഷേമം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നു.