കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19ന് പുതിയൊരു ന്യൂനമർദമായി മാറും.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.