India

നീറ്റ് ക്രമക്കേട്; ഹര്‍ജികളിൽ സുപ്രിം കോടതി നാളെ വിശദമായ വാദം കേൾക്കും | NEET disorder; The Supreme Court will hear detailed arguments on the petitions tomorrow

ഡല്‍ഹി: നീറ്റ് ഹര്‍ജികളിൽ സുപ്രിം കോടതി നാളെ വിശദമായ വാദം കേൾക്കും. കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലം ഹര്‍ജിക്കാർക്ക് പരിശോധിക്കാനായി ഒരാഴ്ചത്തെ സാവകാശം കോടതി നൽകിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് പേരെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു.

കേന്ദ്രസർക്കാരും സി.ബി.ഐയും എൻ.ടി.എയും സമർപ്പിച്ച സത്യവാങ്മൂലം ഹരജിക്കാർക്ക് പരിശോധിക്കുന്നതിനായാണ് കേസ് മാറ്റിവെച്ചത്. സത്യവാങ്മൂലം പരിശോധിച്ചു വിശദമായ വാദങ്ങൾക്ക് ശേഷം ആയിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ സുപ്രിം കോടതി തീരുമാനം പറയുക. പുനപരീക്ഷ ആവശ്യപ്പെട്ടും നടത്തരുതെന്ന് ആവശ്യമായും വിവിധ ഹരജികളാണ് സുപ്രിം കോടതിയിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ നാളത്തെ വിധി ഏറെ നിർണായകമാണ്. ചോദ്യപേപ്പർ ചോർച്ചയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച സിബിഐ, ഇന്നലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു.ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 35 ആയി.

പങ്കജ് സിങ് , രാജു സിങ് എന്നിവരാണ് അറസ്റ്റിലായത്. ബീഹാറിലെ പട്നയിലും , ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പങ്കജ് സിങ് ചോദ്യപേപ്പർ മോഷ്ടിച്ചുവെന്നും രാജു സിങ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ വെച്ചാണ് എന്‍ടിഎയുടെ പക്കല്‍ നിന്ന് നീറ്റ്-യുജി ചോദ്യപേപ്പര്‍ പങ്കജ് കുമാര്‍ മോഷ്ടിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ ആറ് എഫ്‌.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.