സൗദിയിലെ ജിദ്ദ സീസണിലേക്ക് സന്ദർശകരെ എത്തിക്കാൻ സൗജന്യ ബസ് സർവീസ്. വിനോദ സാംസ്‌കാരിക പരിപാടികൾ നടക്കുന്ന വേദികളിലേക്കെല്ലാം ബസ്സുകളിൽ യാത്ര ചെയ്യാം. ജിദ്ദ സീസണിന് ടിക്കറ്റെടുത്തവർക്കെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സേവനം ലഭിക്കും.
ഒരിക്കൽ കൂടി എന്ന തലക്കെട്ടിൽ കഴഞ്ഞ മാസം അവസാനത്തിലാണ് ജിദ്ദ സീസണിന് തുടക്കമായത്. വേനലവധിയിലെത്തിയ സീസണിൽ കുടുംബങ്ങൾ ഉൾപ്പടെ വൻ ജനപങ്കാളിത്തമുണ്ട്. എല്ലാദിവസവും വൈകുന്നേരങ്ങളിൽ ജിദ്ദയിലെ വിനോദ കേന്ദ്രങ്ങളിൽ ലോകപ്രശസ്ത വിനോദ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്. ഇവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുവാനാണ് ജിദ്ദയുടെ പരിസരപ്രദേശങ്ങളിൽ നിന്ന് ബസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അൽ-ലൈത്ത്, ഖുൻഫുദ, അൽ-കാമിൽ, അൽ-ഖുർമ, തായിഫ് ഗവർണറേറ്റുകളിൽ നിന്നെല്ലാം ഇതിൽ യാത്ര ചെയ്യാം. 3 സർവീസുകളാണ് ഓരോ ദിനവുമുള്ളത്.
ഒരു ബസ്സിൽ 50 പേർക്ക് വരെ യാത്ര ചെയ്യാം. ജിദ്ദ സീസണിൽ ഇന്ത്യൻ ആൻഡ് സൗദി നൈറ്റ് എന്ന പേരി ജൂലൈ 26 ന് വെള്ളിയാഴ്ച വൈകുന്നേരം സാംസ്‌കാരികോത്സവമുണ്ട്. ജിദ്ദ ഇക്വിസ്ട്രിയൻ ക്ലബ്ബിൽ ഇന്ത്യ-സൗദി കലാ സാംസ്‌കരികോത്സവത്തിലാണ് ഇവ നടക്കുക. മലയാളി താരങ്ങൾ ഉൾപ്പെടെ അണിനിരക്കുന്ന സംഗീത നൃത്ത പരിപാടികൾ ഇതിൽ അരങ്ങേറും. ഇതിനുള്ള ടിക്കറ്റുകൾ വരും ദിവസങ്ങളിൽ വീ ബുക്ക് എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാകും. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്വിസ്ട്രിയൻ ക്ലബ്ബിലേക്ക് സൌജന്യ ബസ് സർവീസുകളും ഒരുക്കുന്നുണ്ട്.