തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍, മേയ്, ജൂണ്‍) യാത്രക്കാരുടെ എണ്ണത്തിലും എയര്‍ ട്രാഫിക് മൂവ്മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധന. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവില്‍ 7954 എയര്‍ ട്രാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 6887 ആയിരുന്നു- 14% വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ആകെ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. 2 ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ കൂടിയത്. ആകെ യാത്ര ചെയ്ത 12.6 പേരില്‍ 6.61 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 5.98 ലക്ഷം പേര്‍ വിദേശ യാത്രക്കാരുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ ഷാര്‍ജയും ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍ ബെംഗളൂരുവുമാണ് മുന്നില്‍. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത്, തടസരഹിതവും മികച്ചതുമായ യാത്ര ഉറപ്പാക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം വിമാനത്താവളം.