തിരുവനന്തപുരം : സിദ്ധാർത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.
സിദ്ധാർത്ഥന്റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്റെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് മൊഴിയെടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
മാർച്ചിലാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ഗവർണർ നിയമിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിൽ 20 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.