ദുബൈയുടെ മലയോര പ്രദേശമായ ഹത്തയിൽ ബൈക്ക്, സ്‌കൂട്ടർ പാതയുൾപ്പെടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പൂർത്തിയാക്കിയതായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വിപുലമായ വാഹനപാർക്കിങ് സൗകര്യവും ഹത്തയിൽ നിർമിച്ചിട്ടുണ്ട്.
ഹത്തിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപകാരപ്പെടുന്ന 4.5കി.മീറ്റർ നീളത്തിൽ നിർമിച്ച ബൈക്ക്, ഇ-സ്‌കൂട്ടർ പാതയാണ് നിർമാണം പൂർത്തിയാക്കിയ പ്രധാന പദ്ധതി. പുതിയ പാതക്ക് സമീപത്തായി രണ്ട് വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പാതയുടെ നിർമാണം പൂർത്തിയാക്കിയതോടെ ഹത്തയിലെ ആകെ സൈക്കിൾ ട്രാക്കിൻറെ നീളം 13.5 കി.മീറ്ററായി. സൈക്കിൾ പാതക്ക് സമീപത്തായി കാൽനടക്കാർക്കായി 2.2 കി.മീറ്റർ ട്രാക്കും നിർമിച്ചിട്ടുണ്ട്.
വാദി ലീം തടാകത്തിന് സമീപത്തായി 135 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള സംവിധാനവും ആർ.ടി.എ നിർമിച്ചു. പ്രധാന റോഡുമായി പാർക്കിങ് സ്ഥലത്തെ ബന്ധിപ്പിക്കുന്ന ചരൽ റോഡ് നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹത്തയിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്ക് യോജിച്ച ടൈൽസ് പാകിയാണ് ഇവിടം നവീകരിച്ചതെന്ന് ആർ.ടി. എ അധികൃതർ പറഞ്ഞു.