സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നാളെ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം. തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ സമയം തേടിയതിനെ തുടര്‍ന്ന് കോടതി നാളെവരെ ശ്രീറാമിന് സമയം അനുവദിച്ചിരുന്നു. നാളെ കോടതിയില്‍ ഹാജരായി വാദം ബോധിപ്പിക്കാനും കഴിഞ്ഞ ജൂണ്‍ ആറിന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ഉത്തരവായി. കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാന്‍ സമയം തേടിയത്. കഴിഞ്ഞ ജൂണ്‍ ആറിനും മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നും കേസ് പരിഗണിച്ചപ്പോഴയിരുന്നു പ്രതി സമയം തേടിയത്.
ഇന്ന് കേസ് പരിഗണിക്കുമ്പോഴും ശ്രീറാം ഹജരായില്ലെങ്കില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കും. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്. 2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹര്‍ജി തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്.
വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണെന്നും ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതാമായി മദ്യപിച്ച് വാഹനം ഇടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെടുത്തിയത്.
CONTENT HIGHLIGHTS;Murder of KM Basheer: Sriram Zenkitaraman to appear in court today