ഉമ്മൻചാണ്ടി എന്ന നേതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായിരുന്നു സോളാർ തട്ടിപ്പ് കേസെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ജോൺമുണ്ടക്കയത്തിന്റെ സോളർ(വി)ശേഷം’ എന്ന പുസ്തകം വെളിപ്പെടുത്തുന്നു. ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിന്റെ ഒന്നാം വാർഷിക വേളയിൽ പുസ്തകം വായനക്കാരിലേക്കെത്തുന്നു. കൊച്ചി മെട്രോ റെയിൽ മുതൽ വിഴിഞ്ഞം പദ്ധതി വരെ ഒട്ടേറെ വികസന പദ്ധതികളിലൂടെ ഇടത്തരക്കാർക്കും ജനസമ്പർക്ക പരിപാടികളിലൂടെ സാധാരണക്കാർക്കും പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായ തകർത്താലേ അധികാരം തിരിച്ചു പിടിക്കാനാവൂ എന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നിടത്താണ് സോളാർ ആരോപണങ്ങളുടെ തുടക്കമെന്നു പുസ്തകം വ്യക്തമാക്കുന്നു.
പ്രതിപക്ഷത്തിന്റെ നീക്കത്തിൽ അധികാരമോഹികളായ ഭരണപക്ഷത്തെ ചിലരും പങ്കാളികളാകുന്നതായി പുസ്തകം പറയുന്നു. സോളാർ ഇടപാടിൽ 10000 കോടി രൂപയുടെ തട്ടിപ്പ് നടത്താൻ നീക്കം നടന്നുവെന്നും ഖജനാവിന് കോടി കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി എന്നു മായിരുന്നു പ്രതിപക്ഷ ആരോപണം.അതോടൊപ്പം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ലൈംഗിക പീഡനക്കേസും ആരോപിക്കപ്പെട്ടു.ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണവും സംസ്ഥാന പൊലീസിന്റെയും സിബിഐയുടെയും അന്വേഷണങ്ങളും ഉണ്ടായി.മാറിമാറി നടന്ന അന്വേഷണങ്ങളിൽ ഒരു ആരോപണവും തെളിയിക്കപ്പെട്ടില്ല. രാഷ്ട്രീയ ഗൂഢാലോചനയിൽ അന്നത്തെ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും ബാർ മാഫിയയും എങ്ങനെ പങ്കാളികളായി എന്നും പുസ്തകം സൂചിപ്പിക്കുന്നു.
ആദ്യഘട്ടത്തിൽ സാമ്പത്തിക ആരോപണങ്ങൾ മാത്രമായിരുന്നു പ്രതിപക്ഷത്തിന്റേത്.അന്വേഷണത്തിൽ ടീം സോളാർ കമ്പനിക്ക് സർക്കാർ ഒരു സഹായവും ചെയ്തിട്ടില്ലെന്നും ഖജനാവിന് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും വ്യക്തമായതോടെ സാമ്പത്തിക ആരോപണം ലൈംഗിക ആരോപണമാക്കി മാറ്റി.ആരോപണത്തിന്റെ മറവിൽ സംസ്ഥാനത്തെങ്ങും അക്രമം അഴിച്ചുവിട്ടു.മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു.ഒടുവിൽ കേരളം കണ്ട ഏറ്റവും വലിയ സെക്രട്ടറിയേറ്റ് ഉപരോധം നടന്നു. ഉപരോധത്തിന്റെ മൂർദ്ധന്യത്തിൽ സമരം ഒത്തുതീർക്കാൻ സിപിഎം നേതാക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അന്തർ നാടകങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
സി പി എം നേതൃത്വത്തിലുള്ള കൈരളി ചാനലിന്റെ മേധാവിയായിരുന്ന ജോൺ ബ്രിട്ടാസ് പത്ര പ്രവർത്തകനായ ജോൺ മുണ്ടക്കയത്തെ വിളിച്ചാണ് ഒത്തു തീർപ്പിന് അരങ്ങൊരുക്കിയതെന്നവെളിപ്പെടുത്തൽ നേരത്തെ തന്നെ വിവാദമായിരുന്നു.ജോൺ ബ്രിട്ടാസ് നിഷേധിച്ച ഈ ഫോൺ സംഭാഷണം നടന്നതിന് കൂടുതൽ തെളിവുകൾ പുസ്തകത്തിൽ നിരത്തുന്നു. ഉമ്മൻചാണ്ടി എന്തുകൊണ്ട് സരിതാ നായരെ അറിയില്ല എന്ന് പറഞ്ഞതിനുള്ള ഉത്തരവും പുസ്തകത്തിലുണ്ട്. . എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച ഉമ്മൻചാണ്ടി രഹസ്യമാക്കി സൂക്ഷിച്ചതിന്റെ കാരണവും പറയുന്നു. സരിത സ്വന്തം കയ്യക്ഷരത്തിൽ എഴുതിയതായി പറയുന്ന വിവാദ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എങ്ങനെ വന്നു എന്നതും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
ഉമ്മൻചാണ്ടി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് നേരിട്ടുള്ള അനുഭവങ്ങൾ ലേഖകൻ പുസ്തകത്തിൽ വിവരിക്കുന്നു.വിദഗ്ധ ചികിത്സയ്ക്കായി ന്യൂയോർക്കിൽ എത്തിയ ഉമ്മൻചാണ്ടി ചികിത്സാ ചെലവ് വലിയ തുകയാകും എന്നറിഞ്ഞ് അവിടെ ചികിത്സ വേണ്ടെന്നു വച്ച് തിടുക്കത്തിൽ മടങ്ങിയ കഥയും പുസ്തകത്തിലുണ്ട്. സോളാർ കമ്മീഷൻ റിപ്പോർട്ട് വിശദമായി പരിശോധിക്കുന്ന ലേഖകൻ റിപ്പോർട്ടിന്റെ അന്തസാര ശൂന്യത അടിവരയിട്ട് വ്യക്തമാക്കുന്നു.തെളിവുകളുടെ പിൻബലം ഇല്ലാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി നിയമ വിദഗ്ധരുടെ ഉപദേശത്തിൽ എങ്ങനെ അന്വേഷണ പ്രഖ്യാപനങ്ങളൊക്കെ വിഴുങ്ങി എന്നതും വിശദീകരിക്കുന്നു. പരാതിക്കാരിയുടെ ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ നല്ല ഭാഗവും കോടതി എങ്ങനെ പിച്ചിച്ചീന്തി ചവിട്ടുകൊട്ടയിൽ ഇട്ടുവെന്നും പുസ്തകത്തിൽ പറയുന്നു.
സോളർ(വി)ശേഷ’ത്തിന്റെ പ്രകാശനം ജൂലൈ 19ന് നാലുമണിക്ക് പാളയം സിഎസ്ഐ സെന്റിനറി ഹാളിൽ ഡോ.ശശി തരൂർ എം.പി.നിർവഹിക്കും. പ്രശസ്ത എഴുത്തുകാരി റോസ്മേരി ആദ്യപ്രതി ഏറ്റുവാങ്ങും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിക്കും. മുൻ അംബാസഡർ വേണു രാജാമണി പുസ്തകം പരിചയപ്പെടുത്തും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തും.
CONTENT HIGHLIGHTS;Releases “After (V)Solar”: Solar was a move to personally undermine Oommen Chandy