വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്. ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്രൊംബ കുടുംബത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിയറ്റ്‌നാം ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. വ്യാജ മൊബൈല്‍ ആപ്പുകള്‍ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് കെണിയില്‍ വീഴ്ത്തുന്നതെന്നും സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ക്ലൗഡ്എസ്ഇകെ മുന്നറിയിപ്പ് നല്‍കി. ഒറ്റനോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് അല്ലെങ്കില്‍ കര്‍ണാടക പൊലീസ് എന്ന് തോന്നിപ്പിച്ചാണ് വ്യാജ ഇ-ചലാന്‍ സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ അയക്കുന്നത്. ഇത് മനസിലാകാതെ മുന്നോട്ടുപോകുന്നവരുടെ ഫോണില്‍ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ആപ്പ് വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നു.
വാട്‌സ്ആപ്പ് സന്ദേശത്തിനുള്ളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിയമാനുസൃതമായ ആപ്ലിക്കേഷന്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ APK ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്കാണ് നയിക്കുന്നത്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, കോണ്‍ടാക്റ്റുകള്‍, ഫോണ്‍ കോളുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ തുടങ്ങിയവയിലേക്ക് വ്യാജ ആപ്പിന് ആക്‌സസ് ലഭിക്കുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. ഇരയുടെ വിവിധ ഇ-കോമേഴ്സ്, ഫിനാന്‍ഷ്യല്‍ ആപ്പുകളിലേക്ക് നുഴഞ്ഞുകയറിയാണ് ഇവര്‍ തട്ടിപ്പ് നടത്തുക. പ്രോക്‌സി ഐപികളാണ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. ഗുജറാത്തിലും കര്‍ണാടകയിലുമാണ് ഏറ്റവുമധികം തട്ടിപ്പുകള്‍ നടന്നിരിക്കുന്നത്.