Palakkad

കുഞ്ഞിന്റെ പനി കാണിക്കാൻ എത്തി, സര്‍ക്കാര്‍ ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം

പാലക്കാട് : പനിബാധിച്ച മകളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയ്ക്കാണ് കൈയില്‍ പാമ്പുകടിയേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായത്രി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എട്ടുമാസം പ്രായമുള്ള മകളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃത്തിയാക്കാനായി ചൂലെടുത്തപ്പോഴാണ് അതിനിടയിലുണ്ടായിരുന്ന പാമ്പ് ഗായത്രിയെ കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യമാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലുള്ളതെന്നും ഇതാണ് ഗായത്രിക്ക് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിട്ടുണ്ട്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെട്ടുവരയന്‍ (വെള്ളിക്കെട്ടന്‍) എന്ന പാമ്പാണ് കടിച്ചതെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.

പനിബാധിച്ച കുഞ്ഞിന്റെ രക്തസാമ്പിള്‍ ഉള്‍പ്പെടെയുള്ളവ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് നല്‍കിയില്ലെന്നും ഗായത്രിയുടെ ബന്ധുക്കള്‍ ആരോപിച്ചു. രക്തസാമ്പിള്‍ ഇല്ലാതെ ചികിത്സ ആരംഭിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ആശുപത്രിയില്‍നിന്ന് അറിയിച്ചതോടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ ആശുപത്രിയുടെ പുറത്ത് തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.