സൗദി അറേബ്യയിൽ വൈദ്യുതി നിലച്ചാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ആറു മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇലക്ട്രിസിറ്റി കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് അതോറിറ്റി എക്സ് അകൗണ്ടിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ വ്യക്തമാക്കി. ആറു മണിക്കൂർ കൊണ്ട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അർഹരാണ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വൈദ്യുതി സേവനം തടസ്സപ്പെട്ടതിന് ശേഷം ആറു മണിക്കൂറിൽ കൂടാത്ത സമയത്തിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇലക്ട്രിസിറ്റി കമ്പനി 200 റിയാലാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. കൂടാതെ ഓരോ അധിക മണിക്കൂറിനും 50 റിയാൽ വീതവും നഷ്ടപരിഹാരമായി നൽകണം. ഇത് അടുത്ത ബില്ലിൽ സ്വയമേവ രേഖപ്പെടുത്തപ്പെടും. ഇത് കിഴിച്ചുള്ള തുക ഉപഭോക്താവ് കൊടുത്താൽ മതിയാകും. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ തെക്കൻ അതിർത്തിയിൽ യമനോട് ചേർന്നുള്ള ശറൂറ മേഖലയിൽ വൈദ്യുതി മുടങ്ങിയിരുന്നു.
തുടർന്ന് വൈദ്യുതി മുടക്കം മൂലം പ്രയാസം നേരിട്ടവർക്ക് 2,000 റിയാൽ നഷ്ടപരിഹാരം നൽകാൻ സൗദി ഇലക്ട്രിസിറ്റി കമ്പനി തീരുമാനിച്ചു. അക്കാര്യം അറിയിച്ച് ഉപഭോക്താവിന് ടെക്സ്റ്റ് സന്ദേശം അയക്കുകയും ചെയ്തു. ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് 2,000 റിയാൽ ക്രഡിറ്റ് ചെയ്യപ്പെടുക. ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.