രണ്ടാമത് ഹോക്കി ഇന്ത്യ സബ്ജൂനിയര് സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് കൊല്ലത്ത്. 19 മുതല്‍ 26 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 12 ടീമുകള്‍ മത്സരിക്കും. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി കേരള, തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, തെലങ്കാന, ആന്ധ്ര ടീമുകളാണ് മത്സരിക്കുക. 19ന് വൈകിട്ട് 6:30 ന് ഉ എന്‍. കെ. പ്രേമചന്ദ്രന് എം പി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് ഡയറക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്, കേരള ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍ കുമാര്‍ ജില്ലാ സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് – എക്സ് ഏണസ്റ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തെലങ്കാന, ആന്ധ്ര വനിതാ ടീമുകളുടെ മത്സരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. രാവിലെ 10 ന് കേരള വനിതാ ടീം കര്‍ണാടക ടീമിനെയും വൈകിട്ട് 3.15ന് കേരള പുരുഷ ടീം കര്‍ണാടക ടീമിനെയും നേരിടും. 26 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുരുഷ ടീമുകളുടെയും വൈകിട്ട് മൂന്നിന് വനിതാ ടീമുകളുടെയും ഫൈനല്‍ മത്സരങ്ങളും നടക്കും. ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്. ഈ മത്സരങ്ങളില്‍ മികവ് തെളിയിക്കുന്നവരായിരിക്കും ദേശീയ സബ് ജൂനിയര്‍ ടീം സെലക്ഷന് ക്യാമ്പിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുക. കായിക താരങ്ങളും ഒഫീഷ്യലുകളും അതിഫികളുമായി നാന്നൂറില്‍ അധികം പേര് കൊല്ലത്ത് എത്തുന്നുണ്ട്. ഇവരുടെ താമസ സൗകര്യങ്ങളുടെയും പരിശീലന സൗകര്യങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ പ്രശസ്തരായ കായിക താരങ്ങളും വിവിധ ഹോക്കി അസോസിയേഷന് ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളു പങ്കെടുക്കും.