പാലക്കാട് : കുഞ്ഞിന്റെ പനി കാണിക്കാൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റെന്ന പരാതി നിസാരവത്ക്കരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. വീടുകളിലാണെങ്കിലും പാമ്പ് കയറുമല്ലോയെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകരുടെ സംസാരിക്കുകയായിരുന്നു മന്ത്രി.
ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, യുവതിക്ക് പാമ്പുകടി ഏറ്റിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും എന്നിട്ടും സംശയത്തിന്റെ പേരിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ നടപടി ഉചിതമായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് പാലക്കാട് കരിപ്പോട് സ്വദേശിനിയായ ഗായത്രിക്ക് പാമ്പുകടിയേറ്റത്. കടുത്ത പനി ബാധിച്ച എട്ട് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് യുവതി ആശുപത്രിയിലെത്തിയത്. കുഞ്ഞിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചകോടെ വാർഡിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയുടെ പടിക്കെട്ടിൽ നിന്നാണ് യുവതിക്ക് പാമ്പുകടിയേറ്റത്.
ആശുപത്രി അധികൃതരെ വിവരമറിയിച്ചതോടെ ഗായത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഐസിയുവിൽ കഴിയുകയാണ് യുവതി. ആശുപത്രിയിൽ ഇതിന് മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.