പാലക്കാട്: പനിബാധിച്ച മകളുടെ ചികിത്സയ്ക്കായി ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചെന്ന വാദം തള്ളി ആരോഗ്യവകുപ്പ്. ആശുപത്രിയില്‍വെച്ച് യുവതിക്ക് പാമ്പുകടി ഏറ്റിട്ടില്ലെന്നും വിഷമില്ലാത്ത പാമ്പിനെ കണ്ടെത്തിയത് ആശുപത്രിക്ക് പുറത്താണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയായിരുന്നു കൈയില്‍ പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അമ്മയ്ക്ക് ക്രമാതീതമായ ഒരു ഭയമുണ്ടായിരുന്നത് കൊണ്ട് മേജർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ വ്യക്തമായ കാര്യം റഫർ ചെയ്ത നടപടി തെറ്റായിരുന്നു എന്നാണ്. ചിറ്റൂർ സ്ഥാപനത്തിലും ആന്റി സ്നേക് വെനം ഉണ്ടായിരുന്നു. ആ സാഹചര്യത്തിൽ അമ്മയെ പുറത്തേക്ക് വിടണ്ട സാഹചര്യമില്ലായിരുന്നു. അതെന്തുകൊണ്ടാണെന്നുള്ള കാര്യം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ. ജെ. റീന പറഞ്ഞു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എട്ടുമാസം പ്രായമുള്ള മകളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃത്തിയാക്കാനായി ചൂലെടുത്തപ്പോഴാണ് അതിനിടയിലുണ്ടായിരുന്ന പാമ്പ് ഗായത്രിയെ കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗായത്രി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിട്ടുണ്ട്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെട്ടുവരയന് (വെള്ളിക്കെട്ടന്) എന്ന പാമ്പാണ് കടിച്ചതെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.