ഹൃദയരാഗം

ഹൃദയരാഗം part 18/hridhayaragam part 18

 

ഹൃദയരാഗം

part 18

ഹരിതയ്ക്ക് മുൻപേ കണ്ടിരുന്നുവെങ്കിൽ മറ്റാർക്കും താനവളെ വിട്ടുകൊടുക്കില്ലായിരുന്നു….. ചേർത്തു പിടിച്ചേനെ എന്നും ഈ നെഞ്ചോട്….. ഒരു നിമിഷം അവൻ ചിന്തിച്ചു ==== ഈശ്വരാ..! താൻ എന്തൊക്കെ ആണ് ചിന്തിക്കുന്നതെന്ന് അവൻ തന്നെ ഓർത്തുപോയി… ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ, തന്റെ മനസ്സ് കൈവിട്ട് പോകാൻ തുടങ്ങിയൊ.? സ്നേഹത്താൽ ഒരുവളിൽ കീഴ്പ്പെട്ടു പോകുന്നതുപോലെ,

അടരാൻ ആകാതെ ഉള്ളം കൊതിക്കും പോലെ, ജീവിതത്തിൽ ഇപ്പോൾ ഒരു താളം ഉണ്ട്, അതിന്റെ രാഗം അവളാണ്, തൻറെ ഹൃദയത്തിൻറെ രാഗമായി അവൾ മാറിയോ.? അവന് തന്നെ ഉത്തരം ഇല്ലാത്ത ഒരു സമസ്യയായിരുന്നു അത്‌..! ഇല്ല ഇതിൻറെ ഒരു ചിന്ത പോലും തനിക്ക് വരാൻ പാടില്ല….താൻ വെറുമൊരു കൂലിക്കാരൻ മാത്രമാണ്,ഏൽപ്പിച്ച ജോലി ചെയ്ത് പണം വാങ്ങി തിരികെ പോകേണ്ട തനിക്ക് ഉള്ളിൽ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ആവശ്യമില്ല, എങ്കിലും തന്നെ അന്ധമായി സ്നേഹിക്കുന്ന ഒരുവളെ കണ്ടില്ലെന്ന് നടിക്കാൻ തന്നിലെ മനുഷ്യനെ സാധിക്കുമോ..?

ഉലഞ്ഞു പോകുന്നുണ്ടോ താൻ ആ ഒരുവളുടെ സ്നേഹ ലാളനകളാൽ..?ഹൃദയവഴികളിൽ എവിടെയോ ഒരു ചുവന്ന വാക പൂത്തു തുടങ്ങി…! സംശയങ്ങൾ ഏറുക ആയിരുന്നു അവൻറെ ഉള്ളിൽ… അവൻ ഒന്ന് തല കുടഞ്ഞിരുന്നു, പിന്നെ അകത്തേക്ക് കയറിപ്പോയി….! ഒരു ആകുലതകളും ഇല്ലാതെ കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളിൽ ഒക്കെ നിദ്ര പുൽകിയ അവൻ അന്ന് മാത്രം അസ്വസ്ഥതയിൽ ഉലഞ്ഞു തുടങ്ങിയിരുന്നു, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരുവളുടെ കിളിക്കൊഞ്ചൽ മാത്രം കാതിൽ വലയം ചെയ്യുന്നു… അത് കാതിൽ മറ്റൊലി തീർക്കുകയാണ്, “അനന്തുവേട്ട എന്ന അവളുടെ കിളിക്കൊഞ്ചൽ ഹൃദയധമനികളി തട്ടി പ്രതിധ്വധിക്കുന്നു, അവസാനം അവൻ ഫോണെടുത്തു കിരണിനെ വിളിച്ചു…. ”

എന്തോന്നാടാ ഇത്…?നിനക്ക് ഉറക്കമില്ലേ… ഉറക്കം നഷ്ടം ആയ ശബ്ദത്തോടെ പറഞ്ഞു അവൻ… ” എനിക്ക് ഉറക്കമില്ലടാ തെണ്ടി, നീയും ഉറങ്ങണ്ട… ഇതിനകത്ത് എന്നെ വലിച്ചിട്ടത് നീയാ… എന്നിട്ട് നീ അങ്ങനെ കിടന്നു സുഖിച്ചു ഉറങ്ങണ്ട… ” ഏതിലേക്ക് വലിച്ചിട്ടു,. ” ഡാ കിരണേ… എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല,ആ പെൺകൊച്ച് ഉറക്കംകെടുത്തുന്നു….

നിസ്സഹായത്തോടെ അനന്ദു പറഞ്ഞു.. ” ഏതു പെൺകൊച്ച്…? ” എടാ ഡാഷ് മോനെ, ആ ദിവ്യ… ” ങ്‌ഹേ….. കൊഴപ്പായോ….? ഒരു ജഗദീഷ് സ്റ്റൈലിലുള്ള അവൻറെ മറുപടികേട്ടപ്പോൾ എന്ത് പറയണം എന്ന് പോലും അനന്ദുവിന് അറിയില്ലായിരുന്നു…. ” അങ്ങനെ കുഴപ്പമൊന്നുമില്ല, പക്ഷേ കുറ്റബോധം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് എനിക്കറിയില്ല…. എനിക്ക് പറ്റുന്നില്ല ഉറങ്ങാൻ… രണ്ടെണ്ണം അടിച്ചിരുന്നെങ്കിൽ സമാധാനത്തോടെ കിടന്നുറങ്ങാമായിരുന്നു..

പുല്ല് ഒരു രൂപ പോലും എടുക്കാൻ ഇല്ല, ” ഉണ്ടെന്ന് പറഞ്ഞാലും ബിവറേജസിലെ ഇരിക്കുന്നതും നിൻറെ ചിറ്റപ്പൻ ആണല്ലോ, നീ കണ്ണു തുറന്നു നോക്ക് ഒന്നേമുക്കാൽ ആയി, നിനക്ക് ഉറക്കമില്ല എന്ന് പറഞ്ഞിട്ട് എല്ലാരും അങ്ങനെ ആണെന്നാണോ നിൻറെ വിചാരം…! ” എന്നാ പിന്നെ ഉറങ്ങാൻ നീ എനിക്ക് നല്ലൊരു മാർഗം പറഞ്ഞതാ….

” നിൻറെ അമ്മയ്ക്ക് ബിപി, ഷുഗർ അങ്ങനെ എന്തെങ്കിലും ഉണ്ടോ…? ” ഒന്നുമില്ല ” അങ്ങനെ എന്തേങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഒരു മാർഗം ഉണ്ടായിരുന്നു… ” എന്തു മാർഗ്ഗം…? ” ഗുളിക കഴിച്ചിട്ട് ഉറങ്ങിയാൽ മതിയായിരുന്നു, പിറ്റേന്ന് ഉണർന്നാൽ ഉണർന്നു പറയാം… ” പ്പ്ഫാ തെണ്ടി…! നിന്നെ വിളിച്ച് എന്നെ വേണം തല്ലാൻ, ” ഇഷ്ടമാണെങ്കിൽ നീ ബാക്കിയെല്ലാം വേണ്ടെന്നുവച്ച അവളെ അങ് കെട്ടണം, അവൾ ഏതായാലും സ്ട്രോങ്ങ് ആയിട്ട് നിൻറെ കൂടെ ഉണ്ടല്ലോ… പിന്നെ എന്താണ്…?

നീ വിവേകിന് പറ്റിച്ചു എന്ന് ഒന്നും പേടിക്കേണ്ട കാര്യമില്ല, നമ്മളെ വിറ്റ കാശ് അവൻറെ കയ്യിൽ ഉണ്ട്, അതുകൊണ്ട് അവൻ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്, അല്ലെങ്കിൽ കുടുംബത്തിൽ പിറന്ന ഏതെങ്കിലും ഒരുത്തൻ കെട്ടാൻ പോകുന്ന പെണ്ണിനെ വേറൊരുത്തനെ കൊണ്ട് പ്രേമിപ്പിക്കുമോ.? അവൻ ഒരു പരമ ചെറ്റ ആണ്, അവൻറെ കാര്യം ഒന്നും നീ വിചാരിക്കേണ്ട… നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ കെട്ടണം അത്രയേ ഉള്ളൂ, ഒരു നിമിഷം അനന്തുവിൻറെ മൗനം കിരണിനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു….

സാധാരണ ഇത്തരം എന്തെങ്കിലും കാര്യം പറയുമ്പോൾ പൊട്ടിത്തെറിക്കുന്നവനാണ് ഇന്ന് മൗനം ആയിരിക്കുന്നത്, അതിൻറെ കാരണം അറിയാമോ ആയിരുന്നുവെങ്കിലും കിരണിന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു…. എന്തൊക്കെയോ ആലോചിച്ചു കിടന്നു, രാവിലെ തുടരെത്തുടരെയുള്ള ഫോൺ ബെല്ലടി കേട്ടാണ് അവൻ കണ്ണുതുറന്നത്… ” നാശം ഉറങ്ങാൻ സമ്മതിക്കില്ല….! ചെവിയിൽ തലയിണ വച്ചു കിടന്നു…

ഫോണിന്റെ ശബ്ദം കേട്ട് വീണ്ടും ഉറക്കം അലോസരപ്പെടുത്തി തുടങ്ങിയിരുന്നു… അവസാനം അവൻ ആരാണെന്ന് പോലും നോക്കാതെ ഫോൺ എടുത്തു, വായിൽ വന്നത് നല്ല ഒന്നാന്തരം ചീത്തയാണ്…. അത് പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അപ്പുറത്തുനിന്നും ശബ്ദം കേട്ടിരുന്നു… ” അനന്തുവേട്ട…. എന്തുകൊണ്ടോ അവളോട് ഒന്നും പറയാൻ അവനു തോന്നിയില്ല, ” ആ പറ….. നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല അല്ലേ, ”

ഉറക്കം ആയിരുന്നോ…? ” അല്ലേ ഞാൻ തലയും കുത്തി നിൽക്കുന്നു, പെണ്ണെ നീ കാര്യം പറ, ” എനിക്ക് ഇന്ന് കോളേജില്ല…. ” നന്നായി…..! ” നന്നായെന്നോ…. ഇന്ന് കാണാൻ വേണ്ടി പ്ലാൻ ചെയ്തതല്ലേ, ” അത് സാരമില്ല നാളെ കാണാം…. ” പറ്റില്ല…! എനിക്ക് ഇന്ന് അനന്തുവേട്ടനെ കാണണം, ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല, ” നീ മാത്രം അല്ല ഞാനും ഉറങ്ങിയില്ല, “അതാ പറഞ്ഞത് എനിക്ക് കാണണം, ” നിനക്ക് കോളേജ് ഇല്ലല്ലോ പിന്നെ എങ്ങനെ കാണാനാ…. ” ഞാന് വൈകുന്നേരം അമ്പലത്തിൽ വരാം, അപ്പൊൾ കാണാം.. ” ഞാൻ അമ്പലത്തിൽ ഒന്നും വരാറില്ല ,

എനിക്കൊരു ഈശ്വരന്മാരെയും വിശ്വാസമില്ല…. ” പ്ലീസ് എനിക്കുവേണ്ടി, ” എനിക്ക് മറ്റൊരു മാർഗ്ഗം പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റില്ല, അതുകൊണ്ടല്ലേ, വൈകുന്നേരം ഒരു അഞ്ചു മണിയാവുമ്പോ അമ്പലത്തിൽ വരുമോ, ” അമ്പലത്തിൽ ഒന്നും ഞാൻ കയറില്ല കൊച്ചേ… അത് മാത്രമല്ല ആ ആൽത്തറയിൽ അവിടെ മുഴുവൻ എൻറെ കൂട്ടുകാരാ, എങ്ങാനും കണ്ടാൽ പിന്നെ… ” ആരും കാണാതെ വന്നാൽമതി, ” ആ നോക്കട്ടെ…

. ” നോക്കിയാൽ പോരാ, അമ്പലത്തിലെ കുളക്കരയിലെ ഇരുന്നാൽ മതി, അവിടെ ആരും ഉണ്ടാവില്ല ദീപാരാധനയ്ക്കു മുമ്പ് ഞാൻ വരും, സന്ധ്യ സമയം ആയതുകൊണ്ട് അവിടേക്ക് ആരും വരില്ല… പിന്നെ അന്ന് ഇവിടെ അടുത്ത് ഒരു കല്യാണത്തിന് വന്നപ്പോൾ ഇട്ട ആ നീല ഷർട്ട് ഇടണേ…. ,” നീല ഷർട്ടോ..? ” അന്ന് സ്റ്റേജിൽ കയറി പാടിയില്ലേ, അന്നിട്ട ഷർട്ട്, ” ഓ ആ ഷർട്ട്, അത്‌ എന്റെ ഒന്നുമല്ലായിരുന്നു, കിരണിൻറെ ആണ്… അവൻ കൊണ്ടുപോയി… ” അത് നല്ല ഭംഗിയുണ്ടായിരുന്നു, ” അതൊന്നും കുഴപ്പമില്ല ഞാൻ എന്തെങ്കിലും ഇട്ട് വന്നോളാം….

നീ വച്ചിട്ട് പോകാൻ നോക്കിക്കേ… അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ ചെറിയ വേദന തോന്നി എങ്കിലും അവൻ വന്നോളാം എന്ന് പറഞ്ഞപ്പോൾ ഒരാശ്വാസം നിറഞ്ഞുനിന്നിരുന്നു അവൾക്ക്… ക്ലോക്കിലെ സൂചിക്ക് വേഗത പോരാ എന്ന് പോലും അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു… അല്ലെങ്കിലും പ്രിയപ്പെട്ടവനെ കാണാൻ തുടങ്ങുന്നതിന്റെ ആവേശം… മനസ്സിൽ ഇങ്ങനെ ഒരു പഞ്ചാരി മേളം അവനുവേണ്ടി തുടികൊട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

കരിമ്പച്ചയും മെറൂൺ കസവും ഇടകലർന്ന ഒരു പട്ടുപാവാട ആയിരുന്നു അവൾ അണിഞ്ഞിരുന്നത്… കുളികഴിഞ്ഞ് നീളമുള്ള മുടി വിടർത്തി ഇട്ടു, കണ്ണിൽ ഭംഗിയായി അഞ്ജനം എഴുതി… മെറൂണും പച്ചയും കുപ്പിവളകൾ ഇടകലർത്തി രണ്ട് കൈകളിലും ആയിട്ടു…. അമ്പലത്തിലെ ഉത്സവത്തിന് വാങ്ങിയ പച്ച കല്ലുകൾ പതിപ്പിച്ച ഒരു നെക്ലേസ് കൂടി അണിഞ്ഞു… അപ്പോഴേക്കും സുന്ദരിയായതായി അവള്ക്ക് തന്നെ തോന്നിയിരുന്നു… അതോടൊപ്പം ഒരു പച്ച കല്ലുകൾ പതിച്ച ജിമിക്കിയൂമണിഞ്ഞു…. വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി ഉറപ്പു വരുത്തി, അമ്പലത്തിലേക്ക് നടക്കുമ്പോൾ ഹൃദയതാളം വർദ്ധിക്കുന്നത് അവൾ അറിഞ്ഞിരുന്നു………

തുടരും…………