കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. വീരകായൻ പണം, ആലി രാജയുടെ കണ്ണൂർ പണം എന്നിവയാണ് കണ്ടെത്തിയത്. നിധി കുഴിച്ചിട്ടത് 1826ന് ശേഷം. ഇൻഡോ- ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്. പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.
വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.
പരിപ്പായിയില്‍ പി.പി. താജുദ്ദീന്റെ റബ്ബര്‍ത്തോട്ടത്തിലാണ് നിധിശേഖരം കണ്ടെത്തിയത്. 19 മുത്തുമണി, 14 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ചെങ്ങളായി പഞ്ചായത്ത് പത്താം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ തോട്ടത്തില്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടയിലാണ് ശേഖരം കണ്ടെത്തിയത്.
ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടര്‍ന്ന് തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്വര്‍ണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ വെള്ളിയാഴ്ച തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
നിധിയുടെ കാര്യത്തിൽ വ്യക്തത വന്ന സ്ഥിതിക്ക് ഇനി പരിപ്പായിയിലെ റബർതോട്ടത്തിൽ തുടർ പരിശോധന വേണ്ടെന്നാണ് പുരാവസ്തുവകുപ്പിന്റെ തീരുമാനം.