തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കിയും 14 പേർക്ക് എലിപനിയും ബാധിച്ചു. 36 പേർക്ക് എച്ച്1 എൻ1 രോഗബാധയും സ്ഥിരീകരിച്ചു. രോഗവ്യാപനം കുറയുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
സംസ്ഥാനത്തെ പനിമരണങ്ങളിൽ ഒന്ന് ഡെങ്കിപനി മൂലവും ഒരു മരണം വെസ്റ്റ്നൈൽ മൂലവുമാണെന്നുള്ള സംശയമുണ്ട്. ഇന്ന് 12,508 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
അതേസമയം, മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.