Health

ചിക്കന്‍ ആരോഗ്യത്തിന് നല്ലതോ?; അറിയാം പോഷക ഗുണങ്ങളെക്കുറിച്ച്, ഒപ്പം ചില ടിപ്പുകളും..-Chicken- Nutrition, Benefits, and Tips

നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ചിക്കന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിക്കുന്ന മാംസാഹാരവുമാണ് ചിക്കന്‍. രുചികരമാണ് എന്നു മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും ചിക്കനുണ്ട്. കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. ബ്രോയിലര്‍ കോഴിയല്ല നാടന്‍ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. കോഴിയിറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചിക്കന്‍ കഴിയ്ക്കുന്നവര്‍ക്കും ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് അല്‍പം സംശയമുണ്ടാകും. ചിക്കന്‍ കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും, ചിക്കന്‍ എങ്ങനെ കഴിക്കണമെന്നും മനുക്ക് പരിശോധിക്കാം.

ചിക്കനില്‍ അടങ്ങിയിരിക്കുന്ന പോഷകാഹാരങ്ങള്‍

പ്രോട്ടീന്‍, നിയാസിന്‍, സെലിനിയം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെയുളള പോഷകങ്ങളാല്‍ സമ്പന്നമാണ് ചിക്കന്‍. 85 ഗ്രാം ചിക്കനില്‍ അടങ്ങിയിരിക്കുന്ന പോഷകാഹാരങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം;
കലോറി: 122
പ്രോട്ടീന്‍: 24 ഗ്രാം
കൊഴുപ്പ്: 3 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്‌സ്: 0 ഗ്രാം
നിയാസിന്‍: പ്രതിദിന മൂല്യത്തിന്റെ 51%
സെലിനിയം: പ്രതിദിന മൂല്യത്തിന്റെ 36%
ഫോസ്ഫറസ്: പ്രതിദിന മൂല്യത്തിന്റെ 17%
വിറ്റാമിന്‍ ബി6: പ്രതിദിന മൂല്യത്തിന്റെ 16%
വിറ്റാമിന്‍ ബി 12: പ്രതിദിന മൂല്യത്തിന്റെ 10%
റൈബോഫ്‌ലേവിന്‍: പ്രതിദിന മൂല്യത്തിന്റെ 9%
സിങ്ക്: പ്രതിദിന മൂല്യത്തിന്റെ 7%
തയാമിന്‍: പ്രതിദിന മൂല്യത്തിന്റെ 6%
പൊട്ടാസ്യം: പ്രതിദിന മൂല്യത്തിന്റെ 5%
ചെമ്പ്:പ്രതിദിന മൂല്യത്തിന്റെ 4%

പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകള്‍ നിര്‍മ്മിക്കുന്നതിനും പേശികളുടെ അളവ് നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്.
ശരിയായ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ആരോഗ്യത്തിനും പ്രത്യുല്‍പാദനക്ഷമതയ്ക്കും ആവശ്യമായ ഒരു ധാതുവാണ് സെലിനിയം. ചിക്കനില്‍ നിയാസിന്‍, വിറ്റാമിനുകള്‍ ബി6, ബി12 തുടങ്ങിയ ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ഊര്‍ജ ഉത്പാദനം, തലച്ചോറിന്റെ ആരോഗ്യം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ചിക്കന്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പ്രോട്ടീന്റെ നല്ല ഉറവിടമാണ് ചിക്കന്‍. ധാരാളം ഗുണം ചെയ്യുന്ന അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട് ചിക്കനില്‍. 100 ഗ്രാം ചിക്കന്‍ ബ്രെസ്റ്റില്‍ ഏകദേശം 31 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഒരു ദിവസത്തില്‍ ആവശ്യമായ പ്രോട്ടീന്റെ ഇരട്ടിയാണ്. 100 ഗ്രാം കോഴിയിറച്ചിയില്‍ 165 കലോറി മാത്രമേ കാണപ്പെടുന്നുള്ളൂ. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ചിക്കന്‍ ഉള്‍പ്പെടുത്തുക.

വൈറ്റമിന്‍ ബി 5, ട്രിപ്‌റ്റോഫാന്‍ എന്നിവയുടെയും മികച്ച ഉറവിടമാണ് ചിക്കന്‍.
ചിക്കനില്‍ വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതുമൂലം, ശരീരത്തില്‍ ചുവന്ന, വെളുത്ത രക്താണുക്കള്‍ രൂപം കൊള്ളുന്നു, അവ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. വളരെ എളുപ്പത്തില്‍ ദഹിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് ചിക്കന്‍.

ചിക്കന്‍ ധാരാളമായി കഴിക്കുന്നതിന്റെ ദോഷഫലങ്ങള്‍

ശരിയായ രീതിയില്‍ ചിക്കന്‍ കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകില്ല. ഇതെല്ലാം നിങ്ങള്‍ എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ വറുത്ത ചിക്കന്‍ സ്ഥിരമായി കഴിക്കുന്ന ആളാണെങ്കില്‍, നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് കൂടുമെന്നതില്‍ സംശയമില്ല. നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാക്കാന്‍, ഗ്രില്‍ ചെയ്തതോ വേവിച്ചതോ ചുട്ടതോ ആയ ചിക്കന്‍ കഴിക്കുന്നതാണ് നല്ലത്. ഉയര്‍ന്ന ചൂടുള്ള ഭക്ഷണമായി ചിക്കന്‍ കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില വര്‍ദ്ധിപ്പിക്കും. അതിനാല്‍ ചൂട് കാലാവസ്ഥയില്‍ ചിക്കന്‍ കഴിക്കുന്നത് ഒഴിവാക്കുക.

സ്ഥിരമായി ചിക്കന്‍ കഴിക്കുന്നതിന്റെ മറ്റൊരു പാര്‍ശ്വഫലമാണ് ശരീരഭാരം കൂടുക എന്നത്. ചിക്കന്‍ ബിരിയാണി, ബട്ടര്‍ ചിക്കന്‍, ഫ്രൈഡ് ചിക്കന്‍ തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കള്‍ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ്. ഇടയ്ക്കിടെ അവ കഴിക്കുന്നത് നല്ലതാണ്, പക്ഷേ പതിവ് ഉപഭോഗം തീര്‍ച്ചയായും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാവുകയും ചെയ്യുന്നു.

ചിക്കന്‍ ആരോഗ്യകരമായ രീതിയില്‍ പാകം ചെയ്ത് കഴിക്കുക

ഗ്രില്‍ഡ് ചിക്കന്‍: ഗ്രില്‍ഡ് ചിക്കന്‍ നിങ്ങളുടെ പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യകരവുമായ മാര്‍ഗ്ഗമാണ്. ഗ്രില്‍ ചെയ്യുമ്പോള്‍ കുറച്ച് പച്ചക്കറികള്‍ കൂടി അതിലേക്ക് ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്.

ബേക്ക്ഡ് ചിക്കന്‍: അത്താഴമായി കഴിക്കാന്‍ പറ്റുന്ന ഒരു മികച്ച ചിക്കന്‍ ഡിഷ് ആണ് ബേക്കഡ് ചിക്കന്‍. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിലും ഇത് നല്ലൊരു ഓപ്ഷനാണ്. കൊഴുപ്പും കലോറിയും കുറവാണെന്നതിന് പുറമേ, ബേക്ക് ചെയ്ത ചിക്കന്‍ പ്രധാന പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതിലേക്ക് ആവശ്യമുളള പച്ചക്കറികളും കൂടെ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ ഇതൊരു കംപ്ലീറ്റ് മീല്‍ ആയി മാറും.

ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുളള പാകം ചെയ്യല്‍

ഫ്രൈഡ് ചിക്കന്‍: ചിക്കന്‍ വറുത്തെടുക്കുന്നതിന് ധാരാളം എണ്ണ ആവശ്യമായി വരുന്നു. ബ്രഡ്ഡിനൊപ്പമാണ് പലരും ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നത്. ഇത് ഒട്ടും തന്നെ നല്ലൊരു മീല്‍ അല്ല. ഫ്രൈഡ് ചിക്കനില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുളളതിനാല്‍ കൊളസ്‌ട്രോള്‍ കൂടുന്നു.

റോട്ടിസറി ചിക്കന്‍: കടയില്‍ നിന്ന് വാങ്ങുന്ന റോട്ടിസറി ചിക്കന്‍ സാധാരണയായി ഉപ്പുവെള്ളത്തിലാണ് പാകം ചെയ്യുന്നത്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും.

ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുളള ചില ടിപ്‌സ് ഇതാ..

ചിക്കന്‍ കറി തയ്യാറാക്കുമ്പോള്‍ കഴിയുന്നതും ഫ്രഷ് മസാലകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. വിപണിയില്‍ എല്ലാ വിഭവങ്ങളുടെയും റെഡിമെയ്ഡ് മസാലകള്‍ വാങ്ങിക്കാന്‍ കിട്ടും. എന്നാല്‍ കഴിയുന്നതും വീട്ടില്‍ തന്നെ മസാല പൊടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കഴിവതും ചിക്കന്‍ ഗ്രില്‍ ചെയ്‌തോ ബേക്ക് ചെയ്‌തോ കഴിക്കാന്‍ ശ്രമിക്കുക. കടില്‍ നിന്നും വാങ്ങുന്ന ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

ഫ്രഷ് ചിക്കന്‍ വൃത്തിയാക്കിയത്, പാകപ്പെടുത്താത്ത ചിക്കന്‍, മാരിനേറ്റഡ്/മസാല പുരട്ടിയ ചിക്കന്‍ എന്നിവ ഒന്നു മുതല്‍ രണ്ടുദിവസം ഫ്രഡ്ജില്‍ 04 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാം. എന്നാല്‍ അതില്‍ കൂടുതല്‍ ദിവസം ഫ്രിഡ്ജില്‍ വെയ്ക്കുന്നത് ഒട്ടും നല്ലതല്ല. ചിക്കന്‍ മുറിച്ചത് അന്തരീക്ഷ ഊഷ്മാവില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വയ്ക്കരുത്. എത്രയും പെട്ടെന്നു പാചകം ചെയ്യുകയോ ഫ്രീസറില്‍ വയ്ക്കുകയോ ചെയ്യുക. കൂടാതെ വറുത്ത ചിക്കന്‍ വീണ്ടും വറുക്കുമ്പോള്‍ അതിലെ മാംസ്യം കൂടുതല്‍ കരിയാനും ഉണങ്ങാനുമിടയാകുന്നു. എണ്ണ വീണ്ടും ചൂടാക്കുന്നതും വളരെ അനാരോഗ്യകരമാണ്.