ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷ സംബന്ധിച്ച അവബോധവും ലക്ഷ്യമിട്ട് ഖത്തർ ദേശീയ സൈബർ സുരക്ഷ ഏജൻസി സൈബർ സുരക്ഷ അക്കാദമി സ്ഥാപിക്കുന്നു. ഉദ്ഘാടനം ഈ വർഷം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ, സ്വകാര്യ മേഖല തൊഴിലാളികൾക്ക് വിഷയത്തിൽ അറിവും പ്രായോഗിക പരിശീലനവും നൽകും. ലോകത്തിലെ മികച്ച സൈബർ സുരക്ഷ പരിശീലനകേന്ദ്രമായി രൂപകൽപന ചെയ്ത അക്കാദമിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുമതി ലഭ്യമായിട്ടുണ്ടെന്ന് ദേശീയ സൈബർ സുരക്ഷ ഏജൻസി അറിയിച്ചു.
ഹ്രസ്വകാല -സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നതിനൊപ്പം പൊതുജനങ്ങൾക്കും തൊഴിലാളികൾക്കുമായി ശിൽപശാലകളും ചർച്ചകളും നടത്തും. സൈബർ സുരക്ഷ ഓപറേഷൻ റൂമും ഇതോടനുബന്ധമായി ഉണ്ടാകുമെന്ന് ഏജൻസി തലവൻ എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അലി അൽ ഫറാഇദ് പറഞ്ഞു. രാജ്യവ്യാപകമായി വിവിധയിടങ്ങളിൽ നടത്തുന്ന പരിശീലന പ്രവർത്തനങ്ങൾ, മറ്റു പരിപാടികൾ, അഡ്മിനിസ്ട്രേറ്റിവ് നടപടികൾ എന്നിവക്ക് നിർദിഷ്ട അക്കാദമി മേൽനോട്ടം വഹിക്കും.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത സൃഷ്ടിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.