അഹമമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് വ്യാപനം തീവ്രമാകുന്നു. രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി. രണ്ടുദിവസം മുമ്പ് മെഹ്സാനയിൽനിന്ന് അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഒരുവയസ്സുകാരനാണ് ബുധനാഴ്ച മരിച്ചത്. ഇതുവരെ 14 പേർക്ക് റിപ്പോർട്ട് ചെയ്ത ചന്ദിപുര വൈറസ് സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് രൂക്ഷമായിട്ടുള്ളത്.
മെഹ്സാനയിൽ നിന്നുള്ള മറ്റ് രണ്ടുകുട്ടികളെക്കൂടി സമാനലക്ഷണങ്ങളോടെ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
ഗുജറാത്തിൽ നിന്നുള്ളവർ മാത്രമല്ല, രാജസ്ഥാനിൽ നിന്നുമുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗം ബാധിച്ചവരായിത്തന്നെ പരിഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.