മസ്‌കറ്റ്: ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍നിന്ന് കാണാതായവരിൽ 9 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരണപ്പെട്ടു. എട്ട് ഇന്ത്യക്കാരേയും ഒരു ശ്രീലങ്കന്‍ പൗരനേയുമാണ് രക്ഷപ്പെടുത്തിയയത്.
ആകെ 13 ഇന്ത്യൻ പൗരൻമാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. കാണാതായ മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഐ.എന്‍.എസ്. തേജ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
റാസ് മദ്രാക്ക ഉപദ്വീപിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് അപകടമുണ്ടായത്. എംടി ഫാൽക്കൺ പ്രസ്റ്റീജ് എന്ന എണ്ണക്കപ്പലാണ് മറിഞ്ഞതെന്ന് ഒമാൻ അധികൃതർ അറിയിച്ചു. യെമനിലെ ഏദൻ തുറമുഖത്തേക്കുള്ള യാത്രാമധ്യേയാണ് കൊമോറോസ് രാജ്യത്തിന്റെ പതാക ഘടിപ്പിച്ച കപ്പൽ മറിഞ്ഞത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററും ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഐ.എന്‍.എസ്. തേജ്, ദീര്‍ഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവയാണ് തിരച്ചിലിന് വിന്യസിച്ചത്.
അപകടകാരണം വ്യക്തമല്ല. മറിഞ്ഞ കപ്പലിൽ നിന്ന് എണ്ണ കടലിലേക്ക് ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. പരുക്കേറ്റ മൂന്ന് ഇന്ത്യക്കാർ നിലവിൽ ഒമാനിലെ കൗലയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.