പവര്‍ പ്ലാന്റുകള്‍ക്കെതിരായ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് വൈദ്യുതിയില്ലാതെ കഷ്ടപ്പെടുന്നതിനിടെ, യുക്രൈനിന്റെ പ്രധാന നഗരങ്ങളില്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയതായി അധികൃതര്‍. വൈദ്യുതി റേഷനിങ് നടക്കുന്നതിനിടയിലാണ് ഇത്രയും കൂടിയ താപനില യുക്രെയ്‌നില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ വൈദ്യുതി റേഷനിങ് കാരണം പ്രധാനപ്പെട്ട മിക്ക നഗരങ്ങളിലും മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. ചൂട് കൂടുന്നതിനെ തുടര്‍ന്ന് യുക്രൈനിലെ ആളുകള്‍ ഡിനിപ്രോ നദിയില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
യുക്രെയ്‌നിന്റെ മധ്യഭാഗത്തും തെക്കുമുള്ള നഗരങ്ങളായ വിന്നിറ്റ്‌സിയ, ചെര്‍നിവറ്റ്‌സി, മൈക്കോലൈവ് എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉക്രേനിയന്‍ ഹൈഡ്രോമെറ്റീരിയോളജിക്കല്‍ സെന്റര്‍ പറയുന്നു. 1931ന് ശേഷം ഇത്രയും താപനില ഉയരുന്നത് ആദ്യമായാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വൈദ്യുതി ഇറക്കുമതി ഊര്‍ജ മന്ത്രാലയം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് കര്‍ശനമായ റേഷനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തിപ്പോള്‍. ഈ ഉയര്‍ന്ന താപനിലയിലും രാജ്യത്തുടനീളം വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വൈദ്യുതി ഉപഭോഗം ‘ഉക്രേനിയന്‍ പവര്‍ പ്ലാന്റുകളുടെ ശേഷിയേക്കാള്‍ കവിയുന്ന റെക്കോര്‍ഡ് തലത്തിലെത്തുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാസം, സര്‍ക്കാര്‍ കെട്ടിടങ്ങളിലെ എയര്‍ കണ്ടീഷണറുകള്‍ ഓഫ് ചെയ്യാന്‍ ഉദ്യോഗസ്ഥരോട് കൈവ് ആവശ്യപ്പെടുകയും തെരുവ് വിളക്കുകള്‍ പരിമിതപ്പെടുത്താന്‍ പ്രാദേശിക അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.