തിരുവനന്തപുരം: പാലോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊളളലേറ്റ ഉടമസ്ഥന് മരിച്ചു. പടക്കകടയുടെ ഉടമസ്ഥന് ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഷിബു.
ഇന്ന് രാത്രിയോടെയാണ് മരണം.70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബുവിന്റെ ഭാര്യ മഞ്ജു വിന്റെ പേരിലാണ് കടയുടെ ലൈസന്‍സ്. എന്നാല്‍ ഷിബുവാണ് കട നടത്തിയിരുന്നത്. പടക്ക നിര്‍മാണത്തിനും വില്പനക്കും ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. അതേസമയം പരിശോധനയില്‍ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
ആലംപാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക പടക്ക വില്‍പ്പന ശാലയിലാണ് ഇന്ന് രാവിലെ തീ പിടിച്ചത്. ഷിബുവും ഭാര്യയും താമസിക്കുന്ന വീടിന് അല്‍പ്പം അകലെയാണ് ഗോഡൌണ്‍ പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ 10. 30 തോടെയാണ് അപകടമുണ്ടായത്. പെട്ടന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായെന്നും ഉടന്‍ തീ പടര്‍ന്ന് പിടിച്ചുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥന് മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം.