മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തില്‍ വീണ് 26 കാരിയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു. മുംബൈ നിവാസിയായ ആന്‍വി കാംദാര്‍ ആണ് മരിച്ചത്. ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു യുവതി. ജൂലൈ 16 ന് തന്റെ സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര പുറപ്പെട്ടതായിരുന്നു ആന്‍വി. ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ താഴ്ചയിലേക്ക് ആന്‍വി തെന്നി വീഴുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അധികാരികള്‍ അടിയന്തിരമായി ഇടപെടുകയും രക്ഷാസംഘം സംഭവസ്ഥലത്തേക്ക് പെട്ടന്ന് തന്നെ എത്തുകയും ചെയ്തിരുന്നു. കൂടാതെ കോസ്റ്റ് ഗാര്‍ഡ്, കോലാഡ് റെസ്‌ക്യൂ ടീം, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്റ്റാഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആന്‍വിയെ താഴിചയില്‍ നിന്ന് പുറത്തെത്തിച്ചത്. എന്നാല്‍, വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ മണഗാവ് ഉപജില്ലാ ആശുപത്രിയില്‍ എത്തിച്ചയുടന്‍ തന്നെ യുവതി മരിച്ചു.
‘ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോളേക്കും, പെണ്‍കുട്ടി ഏകദേശം 300-350 അടി താഴേക്ക് വീണിരുന്നു. വീഴ്ചയില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു, കനത്ത മഴയും ഉണ്ടായിരുന്നു. ഒരു കപ്പി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ പുറത്തെടുത്തത്,’ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. വളരെ കരുതലോടെ കൂടി വേണം വ്യൂ പോയിന്റിലെ യാത്ര എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അപകടകരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു. യാത്രാ വ്‌ളോഗുകള്‍ ചെയ്യാറുളള ഇഫ്‌ളുവന്‍സറാണ് ആന്‍വി.