മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാർ എന്ന് റോയൽ ഒമാൻ പൊലീസ്. മൂന്നംഗ സംഘം സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഇന്ത്യക്കാരനുൾപ്പെട ഒമ്പത് പേരായിരുന്നു വെടിവെപ്പില്‍ മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ നാല് പേർ പാകിസ്താനികളാണ്.
മസ്ക്കറ്റിലെ അൽ വാദി- അൽ കബീർ പ്രദേശത്തായിരുന്നു വെടിവെപ്പുണ്ടായത്. അക്രമം നടക്കുമ്പോൾ പള്ളിയിൽ പ്രാർത്ഥന നടക്കുകയായിരുന്നു. എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. വാഹനങ്ങളിൽ എത്തിയ ആളുകൾ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തത്.