കണ്ണൂര്‍, കാലിക്കറ്റ്, എം.ജി, മലയാളം, സാങ്കേതിക സര്‍വ്വകലാശാലകളുടെ 116 കോടി രൂപയുടെ മരാമത്ത് പണികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി. സര്‍വ്വകലാശാലകളിലെ മരാമത്ത്-ഡിജിറ്റലൈസേഷന്‍ ജോലികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ ഒഴിവാക്കി നല്‍കുന്നതിലൂടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതും സര്‍വകലാശാല ഫണ്ട് ക്രമവിരുദ്ധമായി ചെലവിടുന്നതും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആവശ്യം.
കേന്ദ്രസര്‍ക്കാരില്‍ നിന്നും,യുജിസിയില്‍ നിന്നുമുള്ള ഫണ്ടില്‍ പൂര്‍ത്തിയാക്കേണ്ട കെട്ടിടനിര്‍മ്മാണ ജോലികളും, മാര്‍ക്ക് ടാബുലേഷന്‍ ഷീറ്റ്കളുടെ ഡിജിറ്റലൈസേഷന്‍ ജോലികളും ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നല്‍കിയിട്ടുള്ളത്. എം.ജി സര്‍വ്വകലാശാലയില്‍ ബയോമെട്രിക് പഞ്ചിങ് മെഷീന്‍ നവീകരിക്കാനുള്ള ജോലിയ്ക്കും ഡിജിറ്റലൈസേഷന്‍ ജോലികള്‍ക്കും കെല്‍ട്രോണ്‍, സിഡിറ്റ് എന്നീ അംഗീകൃത പാനലിലുള്ള സ്ഥാപനങ്ങള്‍ ഊരാളിങ്കലിനൊപ്പം ടെന്‍ഡര്‍ നല്‍കിയെങ്കിലും പിന്നീട് അവര്‍ പിന്‍മാറിയിരുന്നു. ഇത് സമ്മര്‍ദ്ദങ്ങളുടെ അടിസ്ഥാനത്തിലാണെന്ന ആക്ഷേപമുണ്ട്.
കണ്ണൂര്‍, കാലിക്കറ്റ്, എം.ജി, മലയാളം, സാങ്കേതിക സര്‍വ്വകലാശാലകളുടെ 116 കോടി രൂപയുടെ മരാമത്ത് പണികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിയമസഭയെ രേഖാ മൂലം അറിയിച്ചിരുന്നു. ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മന്ത്രി നിയമസഭയില്‍ ഉത്തരം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല 42 കോടി രൂപയുടെയും, കാലിക്കറ്റ് 30 കോടിയുടെയും, എം.ജി ഒന്നരക്കോടിയുടെയും, മലയാളം ഏകദേശം ഒരുകോടിയുടെയും സാങ്കേതിക സര്‍വ്വകലാശാല 42 കോടിയുടെയും കരാറാണ് ഊരാളുങ്കലിന് നല്‍കിയതെന്നാണ് നിയമസഭയില്‍ മന്ത്രി അറിയിച്ചത്.
എന്നാല്‍ കേരള സര്‍വകലാശാല പതിവ് രീതി അനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ച് വിവിധ കരാറുകാര്‍ക്കാണ് നിര്‍മ്മാണ ജോലികള്‍ ഏല്‍പ്പിച്ചത്. ഊരാളുങ്കലിന് കരാര്‍ നല്‍കിയിട്ടില്ല. എല്ലാസര്‍വകലാശാലകളിലും ഉയര്‍ന്ന ശമ്പളം പറ്റുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും മറ്റ് ഉദ്ദ്യോഗസ്ഥരും ഉള്ള എഞ്ചിനീയറിങ് വിഭാഗം പ്രവര്‍ത്തിക്കുമ്പോഴാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പുറം കരാറുകാര്‍ക്ക് നല്‍കുന്നത്. പാനല്‍ ടെന്‍ഡര്‍ ക്ഷണിക്കാതെയും ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്നും, യു.ജി.സിയില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഗ്രാന്റ് ആണ് സര്‍വ്വകലാശാലകള്‍ കൂടുതലായും ചെലവിടുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കരാര്‍ തുകയുടെപരമാവധി 20 ശതമാനം മാത്രമേ അഡ്വാന്‍സ് നല്‍കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ച് ഊരാളുങ്കലിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഊരാളുങ്കലിന് 50 ശതമാനം അഡ്വാന്‍സ് നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്റ്റിമേറ്റ് തുക ഉയര്‍ത്തിക്കാട്ടിയ ശേഷം ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുക്കുന്ന പല ജോലികളും എസ്റ്റിമേറ്റ് തുകയ്ക്കുള്ളില്‍ പണിതീര്‍ത്തതായി നിയമസഭ രേഖകളില്‍ കാണുന്നുവെന്ന ആക്ഷേപവും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റികള്‍ക്ക്, യു.ജി.സിയും കേന്ദ്രസര്‍ക്കാരും അനുവദിക്കുന്ന ഗ്രാന്റ് യൂണിവേഴ്‌സിറ്റി ഫണ്ടില്‍ തന്നെ ഉള്ളതുകൊണ്ട് സര്‍ക്കാര്‍ കരാര്‍ ജോലികളില്‍ നിന്നും വിഭിന്നമായി നിര്‍മ്മാണ തുക കൃത്യമായി കരാറുകാര്‍ക്ക് ലഭിക്കും. സര്‍വ്വകലാശാലകളിലെ മരാമത്ത് – ഡിജിറ്റലൈസേഷന്‍ ജോലികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ടെന്‍ഡര്‍ ഒഴിവാക്കി നല്‍കുന്നതിലൂടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നുണ്ട്. സര്‍വകലാശാല ഫണ്ട് ക്രമവിരുദ്ധമായി ചെലവിടുതും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
CONTENT HIGHLIGHTS;116 crore repair work given to Uralungal: Save University Campaign Committee complains to Governor and Vigilance