കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അറബിക്കടലിൽ ചക്രവാതചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. നാളെ രാത്രി പതിനൊന്നര വരെ കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം.
വ്യാഴാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. മരം കടപുഴകിവീണും ഒഴുക്കിൽപ്പെട്ടും നിരവധി അപകടങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങി മരിച്ചു. പടിയയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്.
കണ്ണൂർ കടവത്തൂർ മുണ്ടത്തോടിൽ സ്കൂൾ ബസ് വീണ്ടും വെള്ളക്കെട്ടിൽ കുടുങ്ങി. വിദ്യാർത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ ബസ് സുരക്ഷിതമായി മാറ്റി. ബസ് വെള്ളക്കെട്ടിൽ ഇറക്കിയത് മുന്നറിയിപ്പ് അവഗണിച്ചെന്ന് പരാതി. ഡ്രൈവറെ സസ്‌പെൻഡ് ചെയ്യും. കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പ്രിൻസിപ്പൽ വ്യക്തമാക്കി.
പാനൂർ കെകെവിപി ആർ മെമ്മോറിയൽ എച്ച് എസ് എസിലെ സ്കൂൾ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെയും കൊണ്ട് മടങ്ങുന്ന വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. കുട്ടികളെ മറ്റൊരു വണ്ടിയിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്.
കനത്തമഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തലശ്ശേരി- കീഴ്മാടം- കടവത്തൂര്‍ പി.ഡബ്ല്യു.ഡി. റോഡില്‍ ഗതാഗതം നിലച്ചു.
മലപ്പുറത്ത് മണ്ണിടിച്ചിലില്‍ ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂട്ടിലങ്ങാടി കാടാമ്പുഴ റോഡില്‍ പഴമള്ളൂരാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. ഓടിക്കണ്ടിരുന്ന ബൈക്ക് യാത്രികന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വരികയായിരുന്നു. യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പാലക്കാട് ആലത്തൂര്‍ കാട്ടുശേരി വാവോലിയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്ക്. ബസ്സിലുണ്ടായിരുന്ന 24 കുട്ടികളേയും രക്ഷിച്ചു.