കുപ്വാര: കശ്മീരിലെ കുപ്വാരയിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിൽ സൈനികർ രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെ ദോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ രണ്ടിന് സൈനികരുടെ താത്കാലിക ക്യാന്പിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
സൈനികർ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ ഒരുമണിക്കൂറോളം നീണ്ടു. പ്രദേശത്ത് ഭീകരർക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ക്യാപ്റ്റന്‍ അടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് പിന്നാലെയാണ് പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഇതോടെ തിരച്ചില്‍ ഓപ്പറേഷന് നാലാം ദിവസത്തിലാണ്. ഇതിനിടെ ദേസാ വനമേഖലയിലെ രണ്ടിടങ്ങളിലായി ചൊവ്വാഴ്ച്ച രാത്രിയും ബുധനാഴ്ച്ചയുമായി തീവ്രത കുറഞ്ഞ ഏറ്റുമുട്ടലും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, കാഷ്മീരിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.