ഭക്ഷണ പദാർത്ഥങ്ങളിൽ എണ്ണമയം ഒഴിവാക്കുക എളുപ്പമുള്ള പണിയല്ല. എണ്ണപലഹാരം കഴിക്കുന്നത് ഒഴിവാക്കുന്നതു മലയാളികളെ സംബന്ധിച്ച് അതിലേറെ പ്രയാസവും. ശരീരത്തിൽ അധികമായി എണ്ണ എത്തുന്നത് നല്ലതല്ല. അമിതവണ്ണം മുതൽ പല അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. ഭക്ഷണത്തിൽ നിന്ന് അധിക എണ്ണ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില വഴികള് നോക്കാം…
തണുക്കുമ്പോൾ ഒഴിവാക്കാം
കറികൾക്കും സോസുകൾക്കും ചട്നികൾക്കും പോലും നിങ്ങൾക്ക് ഈ ടിപ്പ് ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കിയ വിഭവം ഫ്രിജിൽ വയ്ക്കുക, അധിക എണ്ണ കറിയ്ക്ക് മുകളിൽ ഒരു പാളിയായി രൂപപ്പെടുന്നത് കാണാം. ഇനി ആ പാളി നീക്കം ചെയ്താൽ എണ്ണയുടെ പേടിയില്ലാതെ ആ വിഭവം ആസ്വദിക്കാം.
വൈറൽ ഐസ് ക്യൂബ് ട്രിക്ക്
ഇത് ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിലാകെ വൈറലായൊരു ടിപ്പാണിത്. ഒരു വലിയ ഐസ്ക്യൂബ് എടുത്ത് ആ വിഭവത്തിന് മുകളിലായി മുക്കുക. അധികം വന്നിരിക്കുന്ന എണ്ണ മുഴുവൻ ആ ഐസിന്റെ അടിയിൽ പിടിയ്ക്കും. ഐസ് കട്ട പുറത്തെടുക്കുമ്പോൾ അതിനൊപ്പം എണ്ണയും പുറത്തുവരും.
പേപ്പർ ടവലുകൾ ഉപയോഗിക്കുക
ഇത് പല വീടുകളിലും ഉപയോഗിക്കുന്ന ഒരു ലളിതമായ തന്ത്രമാണ്. വറുത്തതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം എണ്ണയിൽ നിന്ന് പുറത്തെടുത്ത ഉടൻ തന്നെ എണ്ണ ആഗിരണം ചെയ്യാവുന്ന ടിഷ്യൂ പേപ്പറിന് മുകളിൽ വയ്ക്കാവുന്നതാണ്. വിഭവത്തിൽ അധികമായി വരുന്ന എണ്ണ പേപ്പർ ആഗിരണം ചെയ്തുകൊള്ളും.
ബ്രഡ് സ്ലൈസ്
വീട്ടിലുണ്ടാക്കുന്ന കറിയോ ഒരു റസ്റ്ററന്റിൽ നിന്ന് ഓർഡർ ചെയ്തതോ ആകട്ടെ പലപ്പോഴും അതിന് മുകളിൽ എണ്ണയുടെ കട്ടിയുള്ള പാളി പൊങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ടാകും. അങ്ങനെയുള്ളപ്പോൾ അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു കഷ്ണം ബ്രഡ് ആ കറിയ്ക്ക് മുകളിൽ അൽപ്പസമയം ഇട്ടുവയ്ക്കാം. അധിക എണ്ണ മുഴുവൻ ബ്രഡ് വലിച്ചെടുക്കും.
content highlight: reduce-excess-oil-from-food